തിരുവനന്തപുരം: തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്ത് വീട്ടിലെ പ്രസവത്തിനിടെ സ്ത്രീയും കുഞ്ഞും മരിച്ച സംഭവത്തില്‍, ഭർത്താവ് നയാസ് റിമാൻഡിൽ. നയാസിൻ്റെ അറസ്റ്റ് ഇന്നലെ വൈകിട്ടോടെയാണ് പൊലീസ് രേഖപ്പെടുത്തിയത്. നരഹത്യാകുറ്റം ചുമത്തിയാണ് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തത്. ഇയാളുടെ ആദ്യഭാര്യയും, മകളും ചേർന്നാണ് പ്രസവം എടുത്തതെന്നാണ് വിവരം. ചൊവാഴ്ച വൈകീട്ടാണ്, വീട്ടിലെ പ്രസവത്തിനിടെ പാലക്കാട് സ്വദേശിയായ ഷമീറയും കുഞ്ഞും മരിച്ചത്. ഇരുവർക്കും നയാസ് ചികിത്സ നിഷേധിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസിൻ്റെ ഭാഗത്തും വലിയ വീഴ്ച ഉണ്ടായിട്ടുണ്ട്. അക്യുപങ്ചർ രീതിയില്‍ വീട്ടില്‍ പ്രസവങ്ങള്‍ നടക്കുന്നു എന്ന് ആരോഗ്യവകുപ്പ് നേരത്തെ വിവരം നല്‍കിയിട്ടും പൊലീസ് അവഗണിച്ചു. ആരോഗ്യ വകുപ്പിന്റെ കത്ത് ലഭിച്ചതിന് ശേഷമാണ് ഷമീറയ്ക്ക് ചികിത്സ നിഷേധിക്കുന്നത് അറിഞ്ഞ് പൊലീസ് വീട്ടില്‍ എത്തുന്നതും ഒന്നും ചെയ്യാതെ മടങ്ങുന്നതും.
