ന്യൂഡൽഹി:ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഉടൻ പുറത്തിറക്കിയേക്കും . ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ ബ്യൂറോ ഓഫ് ഇമിഗ്രേഷനോട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അഭ്യർഥിച്ചതായാണ് വിവരം.ഇക്കണോമിക്സ് ടൈംസാണ് ഇതുസംബന്ധിച്ച വിവരം പുറത്ത് വിട്ടത്. ഒന്നര വർഷം മുമ്പ് ബൈജു രവീന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇ.ഡിയുടെ കൊച്ചി ഓഫീസ് നിർദേശ പ്രകാരമായിരുന്നു അന്ന് ബൈജു രവീന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ബൈജു രവീന്ദ്രൻ വിദേശത്തേക്ക് പോകുന്നത് തടയണമെന്നാവശ്യപ്പെട്ട് അന്ന് പുറത്തിറക്കിയ ലുക്ക് ഔട്ട് നോട്ടീസിൽ ഭേദഗതി വരുത്തണമെന്നാണ് ഇ.ഡി ആവശ്യപ്പെട്ടിരിക്കുന്നത്.
നിലവിൽ കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ബൈജുവിനെ സംബന്ധിച്ചിടത്തോളം കനത്ത വെല്ലുവിളിയാണ് ഇ.ഡി നീക്കം. വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ഇപ്പോൾ ഇ.ഡി അന്വേഷണം പുരോഗമിക്കുന്നത്
2023 നവംബറിൽ ബൈജുവിന്റെ മാതൃ കമ്പനിയായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡിന് ഇ.ഡി നോട്ടീസ് അയച്ചിരുന്നു. 9,362.35 കോടി രൂപയുടെ ഫെമ നിയമലംഘനമുണ്ടായെന്നും കാണിച്ചായിരുന്നു നോട്ടീസയച്ചത്
