ശമനമില്ലാതെ ചൂട്; ഇന്നും മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്


തിരുവനന്തപുരം:സംസ്ഥാനം കനത്ത ചൂടിൽ ചുട്ടുപൊള്ളുന്നു. സാധാരണയെക്കാള്‍ ചൂട് വർധിക്കുന്ന സാഹചര്യത്തില്‍ കണ്ണൂർ, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.കോഴിക്കോട് ജില്ലയില്‍ ഉയർന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം, കണ്ണൂർ ജില്ലകളില്‍ ഉയർന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാൻ സാധ്യതയെന്നാണ് മുന്നറിയിപ്പ്.സാധാരണയെക്കാള്‍ 3- 4 ഡിഗ്രി സെല്‍ഷ്യസ് കൂടുതലാണ് ഇത്.
രാവിലെമുതല്‍ മൂന്നുവരെ നേരിട്ട് സൂര്യപ്രകാശമേല്‍ക്കാതെ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പുണ്ട്. ഉയർന്ന ചൂട് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം എന്നതിനാലാണിത്. രോഗികള്‍, പ്രായമായവർ, ഗർഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാർ തുടങ്ങിയവർ കൂടുതല്‍ ജാഗ്രത പുലർത്തണം. നേരിട്ട് വെയിലേല്‍ക്കുന്നത് സൂര്യാതപം, സൂര്യാഘാതം എന്നിവയ്ക്ക് കാരണമാകാം.
ചൂട് കൂടുമ്പോൾ ജലാംശവും ലവണങ്ങളും വിയർപ്പിലൂടെ നഷ്ടമാകും. അതിനാല്‍ ധാരാളം വെള്ളം കുടിക്കണം. പരമാവധി ശുദ്ധജലം കുടിക്കുക. കൂടുതല്‍ വിയർക്കുന്നവർ ഉപ്പിട്ട കഞ്ഞിവെള്ളം/ഉപ്പിട്ട നാരങ്ങവെള്ളം എന്നിവ കുടിക്കുക.
അമിത ചൂട് കാരണം സൂര്യാതപവും സൂര്യാഘാതവും ഉണ്ടാകാനുള്ള സാധ്യതകളുണ്ട്. സൂര്യാഘാതം മരണത്തിനുവരെ വഴിവെക്കാം. അന്തരീക്ഷത്തിലെ ചൂട് ഒരു പരിധികടന്നാല്‍ ശരീരത്തിന്റെ പല നിർണായക പ്രവർത്തനങ്ങളും തകരാറിലാവാം.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page