പൊലീസ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റ് പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡില്‍ സണ്ണി ലിയോണിന്റെ പേരും ചിത്രവും. ഉത്തര്‍പ്രദേശിലാണ് സംഭവം. സണ്ണി ലിയോണിന്റെ ഫോട്ടോ പതിച്ച അഡ്മിറ്റ് കാര്‍ഡിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഉത്തര്‍പ്രദേശ് പൊലീസ് റിക്രൂട്ട്‌മെന്റ് ആന്‍ഡ് പ്രമോഷന്‍ ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്കാണ് സണ്ണി ലിയോണിന്റെ പേരില്‍ രജിസ്‌ട്രേഷന്‍ നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. കനൗജിയിലെ തിരവയിലുള്ള സോനശ്രീ മെമ്മോറിയല്‍ ഗേള്‍സ് കോളേജിലാണ് സണ്ണി ലിയോണിനു പരീക്ഷ എഴുതാന്‍ അനുവദിച്ച കേന്ദ്രം. 17 നാണ് പരീക്ഷ നടക്കുന്നതെന്നാണ് വിവരം. രജിസ്‌ട്രേഷന്‍ സമയത്ത് ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ നമ്പര്‍ യുപിയിലെ മഹോബയില്‍ താമസിക്കുന്ന ആളുടേതാണ്. രജിസ്‌ട്രേഷന്‍ ഫോമില്‍ നല്‍കിയിരിക്കുന്ന വിലാസം മുംബൈയിലുള്ളതാണ്. എന്നാല്‍ പരീക്ഷ ദിവസം ഒരു ഉദ്യോഗാര്‍ത്ഥിയും പ്രത്യേക അഡ്മിന്‍ കാര്‍ഡുമായി ഹാജരായില്ലെന്ന് കോളേജ് അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. അഡ്മിറ്റ് കാര്‍ഡ് വ്യാജമാണെന്നും സ്ഥാനാര്‍ഥി രജിസ്‌ട്രേഷന്‍ പ്രക്രിയയില്‍ നടിയുടെ ഫോട്ടോ അപ്ലോഡ് ചെയ്തതായും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കനൗജ് പൊലീസിന്റെ സൈബര്‍ സെല്‍ ആണ് ഈ കേസ് അന്വേഷിക്കുന്നത്. അതേസമയം ഉത്തര്‍പ്രദേശ് പൊലീസ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റ് പരീക്ഷ ശനിയാഴ്ചയാണ് ആരംഭിച്ചത്. ഉത്തര്‍പ്രദേശിലെ എല്ലാ ജില്ലയിലും രണ്ട് ഷിഫ്റ്റുകളിലാണ് രണ്ടു ദിവസത്തെ പരീക്ഷ നടന്നത്. ഉദ്യോഗാര്‍ത്ഥികളായി ആള്‍മാറാട്ടം നടത്തിയതിന് കഴിഞ്ഞ രണ്ടുദിവസത്തിനിടെ ഉത്തര്‍പ്രദേശില്‍ ഉടനീളം 129 ലധികം പേരെ അറസ്റ്റ് ചെയ്‌തെന്നും റിപ്പോര്‍ട്ടുണ്ട്.
