കണ്ണൂര്‍: വീട്ടില്‍ അതിക്രമിച്ചു കയറി പിതാവിനെയും മകനെയും വധിക്കാന്‍ ശ്രമിച്ച ശേഷം ഒളിവില്‍ പോകുന്നതിനിടയില്‍ എലിവിഷം കഴിച്ച് പൊലീസ് കാവലില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കണ്ണാടിപ്പറമ്പ്, നെടുവാട്ടെ ഷര്‍ഫാദ് (31)ആണ് ഇന്നു പുലര്‍ച്ചെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്.
പെരുവളത്ത് പറമ്പ്, സ്വദേശികളായ നേര്യംപുള്ളി ശങ്കരന്‍ (85), മകന്‍ ശശിധരന്‍ (46) എന്നിവരെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഷര്‍ഫാദ് വീട്ടില്‍ കയറി അക്രമിച്ചത്. ശശിധരന്റെ സഹോദരിയെ ഷര്‍ഫാദ് ശല്യം ചെയ്യുന്നതിലുള്ള വിരോധമാണ് അക്രമത്തിനു ഇടയാക്കിയത്. ഈ സംഭവത്തില്‍ ഷര്‍ഫാദിനെതിരെ ഇരിക്കൂര്‍ പൊലീസ് വധശ്രമത്തിനു കേസെടുക്കുകയും ഈ മാസം 13ന് ഗോവയില്‍ വച്ച് അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.നാട്ടിലെത്തിച്ചപ്പോള്‍ താന്‍ എലിവിഷം കഴിച്ചിട്ടുള്ളതായി പ്രതി മൊഴി നല്‍കി. തുടര്‍ന്നാണ് ഇയാളെ പൊലീസ് കാവലില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗള്‍ഫിലായിരുന്ന ഷര്‍ഫാദ് അടുത്തിടെയാണ് നാട്ടിലെത്തിയത്.
