സ്വരാജ് ട്രോഫി; ചെറുവത്തൂരിനും ബേഡഡുക്കയ്ക്കും അംഗീകാരം

കാസർകോട് : ജില്ലയിലെ മികച്ച പഞ്ചായത്തായി ചെറുവത്തൂരും രണ്ടാമത്തെ പഞ്ചായത്തായി ബേഡഡുക്കയും സ്വരാജ് ട്രോഫിക്ക് അർഹമായി. 2022-2023 വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ചെറുവത്തൂരിനും ബേഡഡുക്കയ്ക്കും അംഗീകാരം ലഭിച്ചത്. ഇതിനുമുമ്പ് അഞ്ച് തവണ അവാര്‍ഡ് ചെറുവത്തൂരിനെ തേടിയെത്തിയിരുന്നു. ജന സൗഹൃദ പ്രവര്‍ത്തനങ്ങള്‍, ആരോഗ്യ വിദ്യാഭ്യാസ മേഖല, മാലിന്യമുക്ത പഞ്ചായത്ത് പ്രവര്‍ത്തനങ്ങള്‍, വാര്‍ഷിക പദ്ധതി നിര്‍വ്വഹണം, കേന്ദ്ര സംസ്ഥാനവിഷ്‌ക്യത പദ്ധതികള്‍, ജെന്‍ഡര്‍ സൗഹൃദ പ്രവര്‍ത്തനങ്ങള്‍, വൃദ്ധര്‍, ഭിന്നശേഷിക്കാര്‍, കുട്ടികള്‍ എന്നിവര്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ സംരംഭക പ്രവര്‍ത്തനങ്ങള്‍ സദ്ഭരണം, തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ മികവ് കാണിച്ചതിനാണ് അവാര്‍ഡ് ലഭിച്ചത്. ജില്ലയിലെ മികച്ച പഞ്ചായത്ത് എന്ന നിലയില്‍ പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സേവനം, ഓഫീസ് പ്രവര്‍ത്തനങ്ങളിലെ മികവ്, സാമൂഹ്യക്ഷേമം, വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവ കൂട്ടായ്മയിലൂടെ നേടുവാന്‍ സാധിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.വി.പ്രമീളയുടെ നേതൃത്വത്തില്‍ 17 അംഗ ഭരണസമിതി ഒറ്റക്കെട്ടായാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. കൈമാറി കിട്ടിയ ഘടകസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥ സംവിധാനമാകെ ഭരണസമിതിയോടൊപ്പം തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് മികച്ച നേട്ടം കൈവരിക്കുവാന്‍ സാധിച്ചതെന്ന് ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.വി.പ്രമീള പറഞ്ഞു.

ജില്ലയിലെ മികച്ച രണ്ടാമത്തെ ഗ്രാമപഞ്ചായത്തായി ബേഡഡുക്ക

2022-23 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പദ്ധതി ആസൂത്രണ നിര്‍വഹണത്തിന്റെയും ഭരണനിര്‍വ്വഹണ മികവിന്റെയും അടിസ്ഥാനത്തില്‍ ജില്ലയിലെ മികച്ച രണ്ടാമത്തെ ഗ്രാമപഞ്ചായത്തായി ബേഡഡുക്ക ഗ്രാമപഞ്ചായത്തിനെ തിരഞ്ഞെടുത്തു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മികവിന് സംസ്ഥാന സര്‍ക്കാര്‍ ജില്ലാതലത്തിലെ ഗ്രാമപഞ്ചായത്തുകള്‍ക്ക് നല്‍കുന്ന സ്വരാജ് ട്രോഫി പുരസ്‌കാരത്തിനാണ് ബേഡഡുക്ക അര്‍ഹമായത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 100 ശതമാനം നികുതി തുക പിരിച്ചെടുക്കുകയും 100 ശതമാനം പദ്ധതി തുക ചെലവഴിക്കുകയും ചെയ്ത ഗ്രാമപഞ്ചായത്താണ് ബേഡഡുക്ക. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ പദ്ധതിയില്‍ മികച്ച വികസന പ്രവര്‍ത്തനങ്ങളും നടപ്പിലാക്കി. കൂടാതെ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണത്തിലെ പ്രവര്‍ത്തന മികവും കൂടി കണക്കിലെടുത്താണ് അവാര്‍ഡ്. കാര്‍ഷിക ഭൂവികസന മേഖലയിലും ക്ഷീര മേഖലയിലും, ശിശു സൗഹൃദ പഞ്ചായത്തെന്ന നിലയിലും, സംരംഭക വര്‍ഷത്തില്‍ കൂടുതല്‍ സംരംഭങ്ങള്‍ ആരംഭിച്ചും മികച്ച പ്രവര്‍ത്തനമാണ് ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കിയത്.
ബേഡഡുക്ക പഞ്ചായത്തിലെ പൊതുജനങ്ങളുടെ കൂട്ടായ പ്രവര്‍ത്തന ഫലമായാണ് പഞ്ചായത്തിന് തുടര്‍ച്ചയായ പുരസ്‌കാരങ്ങള്‍ ലഭിക്കാന്‍ സഹായകമായതെന്ന് ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.ധന്യ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page