കാസര്‍കോട്: റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ ബൈക്കിടിച്ച് ലൈറ്റ് ആന്റ് സൗണ്ട് സ്ഥാപനത്തിലെ ജീവനക്കാരന്‍ മരണപ്പെട്ട സംഭവത്തില്‍ കുമ്പള പൊലീസ് മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തു. ബൈക്കോടിച്ച ആളെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്നു പൊലീസ് പറഞ്ഞു. ബൈക്കിന്റെ ആര്‍.സി ഓണര്‍ക്കെതിരെയാണ് കേസെടുത്തത്. ബുധനാഴ്ച വൈകുന്നേരം കുമ്പള ടൗണില്‍ ഉണ്ടായ അപകടത്തില്‍ അംഗഡിമുഗര്‍ പെര്‍ളാടത്തെ അബ്ദുള്ള(60)യാണ് മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ അമിത വേഗതയിലെത്തിയ ബൈക്കിടിച്ചായിരുന്നു അപകടം. ബൈക്കിന്റെ പിന്‍സീറ്റു യാത്രക്കാരനായ പതിനഞ്ചുകാരനെ ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം അബ്ദുള്ളയുടെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ പെര്‍ളാട ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.