കണ്ണൂർ: കൊട്ടിയൂരിൽ നിന്ന് മയക്കുവെടിവെച്ച് പിടികൂടിയ കടുവയും ചത്തു. തൃശ്ശൂർ മൃഗശാലയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് കടുവ ചത്തത്. പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കി കോഴിക്കോട് വച്ചുതന്നെ കടുവയെ സംസ്കരിക്കാനാണ് അധികൃതരുടെ നീക്കം. അതേസമയം കടുവ ചത്തത്തില്‍ വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കി. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അന്വേഷണത്തിനുള്ള ചുമതല നല്‍കി. മയക്കുവെടിവെച്ച ശേഷം കൂട്ടിലാക്കിയ കടുവയെ പരിശോധിച്ചപ്പോൾ കൈക്ക് ചെറിയ പരിക്കുള്ളതായി കണ്ടിരുന്നു. ഒരു പല്ല് ഇളകിയതായും കണ്ടെത്തിയിരുന്നു. ഈ അവസ്ഥയിൽ വനത്തിൽ വിടാൻ സാധിക്കില്ലെന്നും ചികിത്സിക്കണമെന്നും വെറ്റിനറി ഡോക്ടർ റിപ്പോർട്ട് നൽകിയതിനെ തുടർന്ന് കടുവയെ തൃശ്ശൂർ മൃഗശാലയിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു.
ചൊവ്വാഴ്ച പുലർച്ചെ നാലോടെ റബ്ബർ ടാപ്പിങ്ങിനുപോയയാളാണ് വലതുകൈ മുള്ളുകമ്പിയിൽ കുടുങ്ങി റോഡിലേക്ക് ഏതാണ്ട് തൂങ്ങിക്കിടക്കുന്ന നിലയിൽ കടുവയെ കണ്ടത്. കേളകത്തെ അരീക്കാട്ട് പ്രദീപിന്റെ ആൾപ്പാർപ്പില്ലാത്ത കശുമാവിൻതോട്ടത്തിലാണ് ഏഴുവയസ്സുള്ള ആൺ കടുവ കുടുങ്ങിയത്. ഉടൻ നാട്ടുകാരെയും വനം അധികൃതരെയും അറിയിച്ചു. രാവിലെ അഞ്ചോടെ കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലെ ദ്രുതപ്രതികരണസേനയും വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തിയിരുന്നു.
ചൊവ്വാഴ്ച രാവിലെ 11-ഓടെ ഡോക്ടർമാരുടെ സംഘം ഒരുതവണ മയക്കുവെടിവെച്ചു. അരമണിക്കൂറിനുശേഷം കടുവ മയങ്ങിയെന്ന് ഉറപ്പാക്കിയശേഷം വലയിലാക്കി വാഹനത്തിലെ കൂട്ടിലേക്ക് മാറ്റി. അതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വാഹനം തടഞ്ഞു. വനത്തിൽ തുറന്നുവിടരുതെന്നായിരുന്നു ആവശ്യം. ഇവർ പിൻവാങ്ങിയശേഷം വനംവകുപ്പ് ഓഫീസിലേക്ക് കൊണ്ടുപോയ കടുവയ്ക്ക് ചികിത്സ നൽകി. കടുവ പൂർണ ആരോഗ്യവാനായശേഷം വന്യജീവിസങ്കേതത്തിൽ തുറന്നുവിടുമെന്ന് ഡി.എഫ്.ഒ. പി. കാർത്തിക് അറിയിച്ചിരുന്നു.
എന്നാൽ, വന്യജീവിസങ്കേതത്തിൽ വിടാൻ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി ജനപ്രതിനിധികളും നാട്ടുകാരും പ്രതിഷേധിചതിനെ തുടർന്ന് വനംവനം വകുപ്പ് മൃഗശാലയിലേക്ക് കടുവയെ മാറ്റാൻ തീരുമാനിച്ചു. കടുവയെ കൊണ്ടുപോയ ശേഷമാണ് നാട്ടുകാർ വനംവകുപ്പ് ഓഫീസിന് മുന്നിൽ നിന്ന് പരിഞ്ഞത്. കടുവ ജില്ലാ അതിർത്തി കടന്നുപോകുന്നവരെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ആ വാഹനത്തെ പിന്തുടർന്നിരുന്നു.
