മസ്‌കറ്റ്: ഒമാനില്‍ ഉണ്ടായ വെള്ളപ്പാച്ചിലില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ മരണസംഖ്യ ഏഴായി ഉയര്‍ന്നു. ദാഖിലിയ ഗവര്‍ണറേറ്റിലെ ജബല്‍ അഖ്ദര്‍ വിലായത്തില്‍ വാദിയില്‍ കുടുങ്ങിയ വാഹനത്തില്‍ ഉണ്ടായിരുന്ന ആളിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വാഹനത്തില്‍ രണ്ട് പേര്‍ ഉണ്ടായിരുന്നു. ഇരുവരും സഞ്ചരിച്ച വാഹനം വെള്ളപ്പാച്ചിലില്‍ അകപ്പെടുകയായിരുന്നു. മറ്റൊരാള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണെന്ന് സിവില്‍ ഡിഫന്‍സ് അധികൃതര്‍ പറഞ്ഞു. അല്‍ ദഖിലിയ ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ് ഡിപ്പാര്‍ട്ട്മെന്റ് സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ടീമുകള്‍ തെരച്ചില്‍ തുടരുകയാണ്.
മഴയിലും വെള്ളപ്പാച്ചിലിലും പെട്ട് ഒരു മലയാളി അടക്കം ഏഴുപേരാണ് മരിച്ചത്. ആലപ്പുഴ അരൂക്കുറ്റി സ്വദേശി താരത്തോട്ടത് വീട്ടില്‍ അബ്ദുല്‍ വാഹിദ് (28) ആണ് മരിച്ചത്. ഒമാനിലെ ശര്‍ഖിയ ഗവര്‍ണറേറ്റിലെ ഇബ്രയില്‍ നിന്നും അറുപതു കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്ത് വെച്ചാണ് വെള്ളപ്പാച്ചിലില്‍പെട്ടത്. മസ്‌കറ്റിലെ മൊബേലയിലുള്ള ഒരു സ്വകാര്യ ടോയ്സ് കമ്പനിയുടെ വാനില്‍ കളിപ്പാട്ടം വിതരണത്തിന് പോകുമ്പോളാണ് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടത്
