തൃപ്പൂണിത്തുറ സ്‌ഫോടനം ; അറസ്റ്റിലായ നാലുപേരെ റിമാന്‍ഡ് ചെയ്തു; ഒളിവിലായവര്‍ക്കുള്ള തിരച്ചിൽ ആരംഭിച്ച് പൊലീസ്


കൊച്ചി: തൃപ്പൂണിത്തുറയില്‍ പടക്കസംഭരണശാലയില്‍ ഉണ്ടായ സ്ഫോടനത്തില്‍ അറസ്റ്റിലായ നാലുപേരെയും റിമാന്‍ഡ് ചെയ്തു.ദേവസ്വം പ്രസിഡന്റ് സജീഷ് കുമാര്‍, സെക്രട്ടറി രാജേഷ്, ട്രഷറര്‍ സത്യന്‍, ജോയിന്റ് സെക്രട്ടറി എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. ഇവര്‍ക്കെതിരെ നരഹത്യ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കേസിലെ പ്രതിപട്ടികയിലുള്ളവരില്‍ പലരും ഒളിവിലാണ്. ഇവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.

സ്ഫോടനത്തില്‍ മരിച്ച വിഷ്ണുവിന്റെ ഇന്‍ക്വസ്റ്റ് പൂർത്തിയാക്കി എറണാകുളം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

സ്‌ഫോടനത്തില്‍ എട്ട് വീടുകള്‍ പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്. 40 വീടുകള്‍ക്ക് ബലക്ഷയമുണ്ടായി. ഒരു കിലോമീറ്റര്‍ അകലെവരെ പൊട്ടിത്തറിയുടെ പ്രകമ്പനമുണ്ടായതായും ഒരു കിലോമീറ്റര്‍ അകലെ വരെ സ്ഫോടന ശബ്ദം കേട്ടതായുമാണ് പ്രദേശവാസികള്‍ പറയുന്നത്. വീടുകളുടെ നഷ്ടപരിഹാരം സ്‌ഫോടനത്തിന്റെ ഉത്തരവാദികള്‍ നല്‍കണമെന്നാണ് വീട് തകര്‍ന്നവരുടെ ആവശ്യം. സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം പുതിയകാവ് ക്ഷേത്രകമ്മറ്റിക്കാണെന്ന് തൃപ്പൂണിത്തുറ നഗരസഭ കൗന്‍സിലര്‍മാര്‍ അറിയിച്ചു. തൃപ്പൂണിത്തുറ തെക്കുംഭാഗത്തെ പടക്കസംഭരണശാലയിലേക്ക് എത്തിച്ച വന്‍പടക്കശേഖരം പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.  സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ള പരിക്കേറ്റവര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page