തിരുവനന്തപുരം: പിഎസ്‌സി പരീക്ഷയിലെ ആള്‍മാറാട്ട കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നേമം സ്വദേശിയായ അഖില്‍ ജിത്താണ് ഹാളില്‍ നിന്നും ഇറങ്ങിയോടിയത് എന്നാണ് പൊലീസ് നിഗമനം. കോടതിയില്‍ കീഴടങ്ങിയ അമല്‍ജിത്ത്, സഹോദരന്‍ അഖില്‍ജിത്ത് എന്നിവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലീസ് കോടതിയില്‍ ഹര്‍ജി നല്‍കി. വെള്ളിയാഴ്ച വൈകിട്ടാണ് ഇരുവരും തിരുവനന്തപുരം എസിജെഎം കോടതിയില്‍ കീഴടങ്ങിയത്. ഇരുവരും നിലവില്‍ റിമാന്‍ഡിലാണ്. കേരള സര്‍വ്വകലാശാല ലാസ്റ്റ് ഗ്രേഡ് പരീക്ഷക്കിടെ പിഎസ്‌സി വിജിലന്‍സ് വിഭാഗം ബയോ മെട്രിക് മെഷീനുമായി പരിശോധനക്കെത്തിയപ്പോഴാണ് പരീക്ഷ എഴുതാന്‍ വന്ന ഒരാള്‍ മതില്‍ ചാടി ഓടിരക്ഷപ്പെട്ടത്. നേമം സ്വദേശി അമല്‍ ജിത്തായിരുന്നു പരീക്ഷ എഴുതേണ്ടത്. മതില്‍ചാടിപ്പോയ ആളെ ഒരു ബൈക്കില്‍ കാത്തുനിന്നയാളാണ് കൊണ്ടുപോയത്. ഈ വാഹനവും അമല്‍ ജിത്തിന്റെതാണ്. അമല്‍ ജിത്തിനുവേണ്ടി മറ്റാരോ പരീക്ഷയെഴുതാന്‍ ശ്രമിച്ചതെന്നായിരുന്നു പൊലീസ് സംശയം.