ന്യൂഡല്‍ഹി: പൗരത്വവാവകാശ ഭേദഗതി നിയമം വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിന് മുമ്പ് നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞു. ഇതുസംബന്ധിച്ച ആക്ട് 2019 ല്‍ പാര്‍ലിമെന്റ് പാസാക്കിയിരുന്നു. എന്നാല്‍ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് പ്രസിദ്ധീകരിക്കാനായില്ല. നിയമത്തിലെ വ്യവസ്ഥകള്‍ പ്രസിദ്ധീകരിച്ചാല്‍ നിയമം പ്രാബല്യത്തില്‍ വരും. ഇത് പ്രസിദ്ധീകരിച്ചു നടപ്പിലാക്കുന്നതിന് ആറുമാസത്തെ കാലാവധി ആവശ്യമാണ്. പൗരത്വവാവകാശ ഭേദഗതി നിയമം രാജ്യത്തിന്റെ നിയമമാണ്. അതിനാല്‍ അത് തീര്‍ച്ചയായും വിജ്ഞാപനം ചെയ്‌തേ തീരൂവെന്നും അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിന് മുമ്പായി ഇത് പ്രസിദ്ധീകരിക്കുമെന്നും ഇതില്‍ ആര്‍ക്കും സംശയം വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 2014 ഡിസംബര്‍ 31 നു മുമ്പ് പാക്കിസ്ഥാന്‍, അഫ്ഖാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവടങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, സിക്ക്, ജയിന്‍, ബുദ്ധ, പാഴ്‌സി, ക്രിസ്ത്യാനി മത വിഭാഗങ്ങള്‍ക്കാണ് പൗരത്വ പരിരക്ഷ നിയമം അനുശാസിക്കുന്നത്. ഈ കാലപരിധിക്ക് മുമ്പ് ഇന്ത്യയിലെത്തിയിട്ടുള്ള മുസ്ലീങ്ങളെ നിയമം ബാധിക്കുന്നതല്ല. പൗരത്വവാവകാശ നിയമം ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്തത് കോണ്‍ഗ്രസ് ആയിരുന്നു. എന്നാല്‍ അതേ പാര്‍ടി ഇപ്പോള്‍ ഈ നിയമത്തെ പിന്നില്‍ നിന്ന് കുത്തുകയാണെന്ന് അമിത്ഷാ പറയുന്നു. ഇന്ത്യാ വിഭജനത്തിന് ശേഷം പാക്കിസ്ഥാനിലേയും അഫ്ഖാനിസ്ഥാനിലെയും ന്യൂനപക്ഷങ്ങളെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുമെന്നാണ് കോണ്‍ഗ്രസ് ആദ്യം പറഞ്ഞിരുന്നത്. അവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുമെന്നും കോണ്‍ഗ്രസ് വാഗദാനം ചെയ്തിരുന്നു.