മംഗളൂരു: നൂറിലധികം കന്നുകാലികളെ മോഷ്ടിച്ച് വാഹനത്തില്‍ കടത്തിയ രണ്ടുപേര്‍ ബജ്‌പേ പൊലീസിന്റെ പിടിയിലായി. മൂഡ്ബിദ്രിയിലെ പേപ്പര്‍ മില്‍ പരിസരത്ത് താമസിക്കുന്ന മുഹമ്മദ് ഷെരീഫ് (23), തോഡര്‍ മദ്രസയ്ക്ക് സമീപം താമസിക്കുന്ന ഹസൈനാര്‍ (28) എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ മുച്ചൂര്‍ കുരിശടിയില്‍ വച്ച് പിടികൂടിയത്. പ്രദേശത്ത് സംശയാസ്പദമായി ഒരു വെള്ള കാര്‍ കറങ്ങുന്നതായി ബജ്പെ പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍ സന്ദീപിന്റെ നേതൃത്വത്തില്‍ ഇടപ്പടവ് മുച്ചൂര്‍ ക്രോസ് റോഡിന് സമീപം വച്ച് വാഹനം തടഞ്ഞ് പ്രതികളെ പിടികൂടി. തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് നൂറുകണക്കിന് കന്നുകാലികളെ മോഷ്ടിച്ചു കടത്തിയതായി പ്രതികള്‍ സമ്മതിച്ചത്. കഴിഞ്ഞ ദിവസം യെഡപദാവ് തിപ്പേബെട്ടു സ്വദേശി സുജാതയുടെ വീട്ടിലെ രണ്ട് പശുക്കളും ഒരു പശുക്കിടാവും കാണാതായിരുന്നു. മോഷ്ടിച്ച പശുക്കളെ കൂട്ടുപ്രതിയായ തോഡാറിലെ ഹസൈനാറിന് വിറ്റതായി ഷെരീഫ് മൊഴി നല്‍കി. പ്രതികള്‍ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റുരേഖപ്പെടുത്തി. കാര്‍ക്കള, അജേക്കരു, ബജെഗോളി, കെര്‍വാസെ, തീര്‍ത്ഥഹള്ളി എന്നിവിടങ്ങളില്‍ നിന്ന് നൂറുകണക്കിന് പശുക്കളെ വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ച് പ്രതികള്‍ വാഹനത്തില്‍ കടത്തിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ഹസൈനാറിനെതിരെ ബജ്പെ പൊലീസ് സ്റ്റേഷനില്‍ നേരത്തെ പശു മോഷണം, ഷീറ്റ് മോഷണം തുടങ്ങിയ കേസുകള്‍ നിലവിലുണ്ട്.
