കണ്ണൂർ:കണ്ണൂർ തില്ലങ്കേരിയില്‍ തെയ്യം കെട്ടിയ ആളെ മർദ്ദിച്ച സംഭവത്തിൽ വിശദീകരണവുമായി ക്ഷേത്ര ഭാരവാഹികളും കോലധാരിയും. കൈതച്ചാമുണ്ഡി തെയ്യം കണ്ട് പേടിച്ചോടിയ കുട്ടിക്ക് പരിക്കേറ്റ സംഭവത്തിൽ വലിയ അനിഷ്ട സംഭവം ഉണ്ടായില്ലെന്നും രൗദ്രഭാവത്തിലുള്ള തെയ്യം കെട്ടിയാടുമ്പോൾ നടക്കുന്ന സാധാരണ കാര്യം മാത്രമാണ് ഉണ്ടായതെന്നും തെയ്യം കലാകാരൻ മുകേഷ് പണിക്കർ വ്യക്തമാക്കി. മറ്റുള്ള പ്രചരണങ്ങൾ അടിസ്ഥാന രഹിതമാണ്. കൈതചാമുണ്ഡി തെയ്യം അവസാനിച്ച് വീണു കിടക്കുമ്പോൾ എടുത്ത് കൊണ്ട് വരുന്നതാണ് അടി കിട്ടി എടുത്തു കൊണ്ട് പോകുന്നത് എന്ന രീതിയിൽ പ്രചരിപ്പിച്ചതെന്നും മുകേഷ് പണിക്കർ വ്യക്തമാക്കി.പെരിങ്ങാനം ഉദയംകുന്ന് മടപ്പുര ഉത്സവത്തിന് കൈതചാമുണ്ഡി തെയ്യക്കോലവുമായി ബന്ധപ്പെട്ടായിരുന്നു വാർത്തകൾ പുറത്ത് വന്നത്.വാർത്താ സമ്മേളനം വിളിച്ചാണ് ക്ഷേത്രം അധികൃതർ വിശദീകരണം നടത്തിയത്.
