കാസര്‍കോടു നിന്നൊരു നവ സംഗീത സംവിധായകന്‍; ‘പിദായി’ എന്ന സിനിമയിലൂടെ പിവി അജയ് നമ്പൂതിരിയുടെ അരങ്ങേറ്റം

കാസര്‍കോട്: കാസര്‍കോടിന്റെ സ്വന്തം ഗായകനും പ്രശസ്ത കര്‍ണാടക സംഗീതജ്ഞനുമായ പിവി അജയ് നമ്പൂതിരി സിനിമാ സംഗീത സംവിധായകനാകുന്നു. ‘പിദായി’ എന്ന തുളു കന്നഡ ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. ശരത് ലോഹിതാശ്വയെ നായകനാക്കി,
ദേശീയ അവാര്‍ഡ് ജേതാവായ സന്തോഷ് മാട സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പിദായി. ഒരു സിനിമാറ്റിക് മാസ്റ്റര്‍ പീസിനുള്ള ചേരുവകളുമായാണ് ഈ ചിത്രത്തിലൂടെ തയ്യാറാവുന്നത്. അജയ് നമ്പൂതിരി സംഗീതമൊരുക്കിയ നാല് ഗാനങ്ങളില്‍ രണ്ടെണ്ണം മലയാളത്തിന്റെ പ്രിയ ഗാനരചയിതാവും കവിയുമായ പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി രചിച്ച സംസ്‌കൃത കൃതികളാണ്. ഇത് സംഗീത സാന്ദ്രമായ ഈ സിനിമയിലെ പാട്ടുകളുടെ നിരയ്ക്ക് മാറ്റുകൂട്ടും. ഭക്തിഗാനങ്ങളിലൂടെ ജനമനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ പ്രശസ്ത സംഗീതജ്ഞന്‍ വിദ്യാഭൂഷണ ആദ്യമായി സിനിമയ്ക്ക് വേണ്ടി പാടുന്നു എന്ന ഒരു പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സിനിമയ്ക്ക് സംഗീതമൊരുക്കുന്നത് ആദ്യമാണെങ്കിലും പിന്നണി ഗാനമുള്‍പ്പെടെയുള്ള സംഗീതത്തിന്റെ വ്യത്യസ്ത മേഖലകളില്‍ ഇതിനകം തന്നെ തന്റേതായ മുദ്ര പതിപ്പിച്ചിട്ടുണ്ട്. കല്‍മാഡി സദാശിവ ആചാര്യയുടെ ശിക്ഷണത്തില്‍ കര്‍ണാടക സംഗീതാഭ്യസനം തുടങ്ങിയ അദ്ദേഹം പാലാ സികെ രാമചന്ദ്രന്‍, ചേര്‍ത്തല രംഗനാഥ ശര്‍മ്മ എന്നിവരുടെ ശിക്ഷണത്തിലൂടെ പഠനം തുടര്‍ന്നു. പാലക്കാട് ചിറ്റൂര്‍ കോളേജില്‍ നിന്ന് സംഗീതത്തില്‍ ബിഎ ബിരുദം നേടിയിട്ടുണ്ട്. കൂടാതെ ഡല്‍ഹി സര്‍വകലാശാലയില്‍ സംഗീതത്തില്‍ ബിരുദാനന്തര ബിരുദവും എംഫിലും നേടിയിരുന്നു. പല്ലവിയുടെ രാജാവ് എന്ന് പേര് കേട്ട പ്രൊഫ. ടിആര്‍ സുബ്രഹ്‌മണ്യത്തില്‍ (ടിആര്‍എസ്) നിന്ന് പരിശീലനവും നേടിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി, അദ്ദേഹം പ്രശസ്ത കര്‍ണാടക സംഗീതജ്ഞനായ നെയ്വേലി സന്താനഗോപാലന്റെ ശിഷ്യനാണ്. ചെന്നൈയിലെ കര്‍ണാടക സംഗീതരംഗത്ത് കച്ചേരികളിലൂടെയും ഭജന്‍സ്, ടെലിവിഷന്‍ പ്രോഗ്രാം നിര്‍മ്മാണം, സംഗീത സംവിധാനം, റെക്കോര്‍ഡിംഗ് എന്നിവയിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട് അജയ്. നിരവധി ശിഷ്യ സമ്പത്തുള്ള, കര്‍ണാടക സംഗീതത്തിന്റെ സമ്പന്നമായ പാരമ്പര്യങ്ങള്‍ പകര്‍ന്നുനല്‍കുന്ന, ഒരു സംഗീതാധ്യാപകന്‍ കൂടിയാണ്. അഡ്വ. പിവികെ നമ്പൂതിരിയുടെയും ദേവസേന അന്തര്‍ജനത്തിന്റെയും മകനാണ്. പുരന്ദരദാസ സംഗീത കലാ മന്ദിരത്തിന്റെ 20-ാമത് സംഗീതാരാധനോത്സവത്തിന്റെ ഭാഗമായി ശനിയാഴ്ച പേട്ട ശ്രീ വെങ്കിട്ടരമണ ക്ഷേത്രത്തിലെ സംഗീത സായാഹ്നത്തിനെത്തും.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page