അഡ്യനടുക്ക ബാങ്കിലെ കവര്‍ച്ച; മോഷണം പോയത് രണ്ടുകിലോ സ്വര്‍ണ്ണവും 17 ലക്ഷം രൂപയും; കേരള രജിസ്ട്രേഷനിലുള്ള ആ കാര്‍ ആരുടെത്?

കാസര്‍കോട്: കര്‍ണ്ണാടക ബാങ്കിന്റെ അഡ്യനടുക്ക ശാഖയിലെ കവര്‍ച്ചയില്‍ നഷ്ടമായത് രണ്ടു കിലോ സ്വര്‍ണ്ണം, 17 ലക്ഷം രൂപയും. കഴിഞ്ഞ ദിവസം നടന്ന വന്‍ കവര്‍ച്ചയ്ക്കു പിന്നില്‍ കാസര്‍കോടു ഭാഗത്തു നിന്നും വാഹനത്തില്‍ എത്തിയ സംഘമാണെന്നു സൂചന. ഇതേ തുടര്‍ന്ന് പൊലീസ് അന്വേഷണം കേരളത്തിലേയ്ക്കും വ്യാപിപ്പിച്ചു. വിട്ല പൊലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ബാങ്ക് കെട്ടിടത്തിന്റെ പിന്‍ഭാഗത്തെ ജനല്‍ കമ്പികള്‍ മുറിച്ചു മാറ്റിയാണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. അതിനു ശേഷം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ലോക്കര്‍ തുറന്നാണ് സ്വര്‍ണവും പണവും കൈക്കലാക്കി സംഘം സ്ഥലം വിട്ടത്. വ്യാഴാഴ്ച രാവിലെ ബാങ്ക് തുറക്കാന്‍ എത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് എത്തി നടത്തിയ പരിശോധനയില്‍ സുരക്ഷയ്ക്കായി സ്ഥാപിച്ച അലാറം പ്രവര്‍ത്തിച്ചില്ലെന്നു കണ്ടെത്തി. തകരാര്‍ കാരണമാണോ, അതോ കവര്‍ച്ചാ സംഘം കേടുവരുത്തിയതാണോയെന്നു പരിശോധിച്ചു വരികയാണ്. ലോക്കര്‍ റൂമിനകത്തുള്ള സിസിടിവി ക്യാമറയില്‍ കവര്‍ച്ചക്കാരുടേതെന്നു സംശയിക്കുന്ന രണ്ടു ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഇവയും പരിശോധിച്ചു വരികയാണ്.
മറ്റു സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ അന്വേഷണത്തിനു നിര്‍ണ്ണായകമായേക്കുമെന്നാണ് സൂചന. കേരള രജിസ്ട്രേഷനിലുള്ള ഒരു വാഹനം സംശകരമായ സാഹചര്യത്തില്‍ കടന്നു പോകുന്നതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചത്. ഈ വാഹനം കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. കാസര്‍കോട്ട് ഉള്‍പ്പെടെ സംസ്ഥാനത്ത് നേരത്തെ നടന്ന സമാന ബാങ്ക് കവര്‍ച്ചകളില്‍ പ്രതികളായവരെ കേന്ദ്രീകരിച്ചും അന്വേഷണം തുടരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page