തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ എക്സാലോജിക് കമ്പനി ഉടമ വീണാ വിജയനെ ചോദ്യം ചെയ്യാന്‍ ഒരുങ്ങി എസ്എഫ്‌ഐഒ (സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ്). ചോദ്യം ചെയ്യലിനായി ഉടന്‍ നോട്ടീസ് നല്‍കാനാണ് തീരുമാനം. എക്സാലോജിക് സൊല്യൂഷന്‍സിന്റെ ബംഗളൂരു മേല്‍വിലാസത്തിലാവും നോട്ടീസ് അയക്കുക. സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാട് സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യല്‍. ഇന്നലെ തിരുവനന്തപുരത്തുള്ള കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ ഓഫീസില്‍ എസ്എഫ്‌ഐഒ പരിശോധന നടത്തിയിരുന്നു. എസ്എഫ്‌ഐഒ ഡെപ്യൂട്ടി ഡയറക്ടര്‍ അരുണ്‍ പ്രസാദിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് പരിശോധന നടത്തിയത്. മൂന്നര മണിക്കൂര്‍ നീണ്ട പരിശോധനക്കൊടുവില്‍ കെഎസ്ഐഡിസിയുടെ അക്കൗണ്ട് സോഫ്റ്റുവെയര്‍ എസ്എഫ്‌ഐഒ സംഘം ശേഖരിച്ചു. വീണയുടെ കമ്പനിയായ സിഎംആര്‍എല്ലില്‍ രണ്ടു ദിവസം പരിശോധന നടത്തിയതിന് ശേഷമാണ് തിരുവനന്തപുരത്തെ ഓഫീസിലും പരിശോധന നടത്തിയത്.
വീണയുടെ കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലില്‍ കെഎസ്ഐഡിസിക്ക് ഓഹരി പങ്കാളിത്തമുണ്ട്. 13.4 ശതമാനം ഓഹരികളാണ് കെഎസ്ഐഡിസിക്കുള്ളത്. വ്യവസായ വകുപ്പിന് കീഴിലുള്ള സ്ഥാപനമാണ് കെഎസ്ഐഡിസി. സിഎംആര്‍എല്ലും കെഎസ്ഐഡിസിയുമായുള്ള ഇടപാടുകളാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. ജനുവരി അവസാനമാണ് വീണയുടെ കമ്പനിയുടെ ദുരൂഹമായ ഇടപാടുകള്‍ അന്വേഷിക്കാന്‍ കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്എഫ്‌ഐഒയെ ചുമതലപ്പെടുത്തിയത്.
