കോഴിക്കോട്: ഇത്തവണ പൊതുതെരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റ് നല്‍കില്ലെന്ന കോണ്‍ഗ്രസ് തീരുമാനത്തിനെതിരെ പരസ്യമായി പ്രതികരിച്ച് മുസ്ലിംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ഇത്തവണ മൂന്നാം സീറ്റ് കിട്ടിയേ തീരുവെന്നും നേരത്തെ പറയുന്ന പോലെയല്ല ഇക്കുറി ലീഗ് ആവശ്യം ഉന്നയിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പൊതുതെരഞ്ഞെടുപ്പില്‍ മൂന്നു സീറ്റിന് ലീഗിന് അര്‍ഹതയുണ്ട്. അത് കിട്ടിയേ തീരു. ഈ ആവശ്യത്തില്‍ നിന്നും പിന്നോട്ടില്ല. വിഷയത്തില്‍ കൂടുതല്‍ വിശദമായ ചര്‍ച്ചകള്‍ ഉണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗ് ആവശ്യപ്പെട്ടത് വയനാട് സീറ്റാണ്. വയനാട് അനുവദിക്കുന്നില്ലെങ്കില്‍ കാസര്‍കോട് നിര്‍ബന്ധമായും വേണമെന്ന് ലീഗ് നേതാക്കള്‍ രണ്ടുതവണ നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനുപുറമെ കണ്ണൂര്‍, വടകര സീറ്റുകളിലും അവകാശവാദം ഉന്നയിക്കുകയും ചെയ്തു. ഫെബ്രുവരി 5 ന് യുഡിഎഫ് ഏകോപന സമിതി തിരുവനന്തപുരത്ത് ചേരും. ഈ യോഗത്തില്‍ തങ്ങളുടെ ആവശ്യം അതിശക്തമായി അവതരിപ്പിക്കാനാണ് മുസ്ലിംലീഗ് തീരുമാനം. പികെ കുഞ്ഞാലിക്കുട്ടി തന്നെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ പരസ്യമായി രംഗത്തുവന്നത് കോണ്‍ഗ്രസിനെ വിഷമത്തിലാക്കി. മൂന്നാം സീറ്റിനായി മുസ്ലിം ലീഗ് ശക്തമായി അവകാശവാദം ഉന്നയിക്കുന്നുണ്ടായിരുന്നു. മലബാറില്‍ ഒരു സീറ്റ് കൂടിയാണ് ലീഗ് ആവശ്യപ്പെട്ടത്. പുതിയ ആവശ്യത്തില്‍ നിന്നും ലീഗ് പിന്മാറുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. നിര്‍ണായക തെരഞ്ഞെടുപ്പില്‍ ലീഗ് വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. എന്നാല്‍, കുഞ്ഞാലിക്കുട്ടി അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ തന്നെ രംഗത്തുവന്നതോടെ കോണ്‍ഗ്രസ് നേതൃത്വവും ആകെ പ്രതിസന്ധിയിലായി.