കമ്പനിയില്‍ അടക്കേണ്ട പണം സ്വന്തം അക്കൗണ്ടിലിട്ടു; 32 ലക്ഷം തട്ടിയ ജീവനക്കാരനെതിരെ വിശ്വാസവഞ്ചനക്ക് കേസെടുക്കാന്‍ കോടതി നിര്‍ദേശം

കാസര്‍കോട്: കിടക്ക വ്യാപാര സ്ഥാപനത്തിലെ മാര്‍ക്കറ്റിംഗ് വിഭാഗം ജീവനക്കാരന്‍ കമ്പനിയില്‍ അടക്കേണ്ട മുപ്പത്തി രണ്ട് ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി വിശ്വാസവഞ്ചന കാണിച്ചുവെന്ന പരാതിയില്‍ കോടതിനിര്‍ദേശപ്രകാരം പൊലീസ് കേസെടുത്തു. കുമ്പള ശാന്തിപ്പള്ള ബദ്രിയ നഗറിലെ ഗബ്ബാന മാട്രസ് സ്ഥാപന ഉടമ കോയിപ്പാടി സൂരംബയലിലെ പ്രദീപ് കുമാര്‍ ശര്‍മ്മയുടെ (35) പരാതിയിലാണ് അനന്തപുരം ടെമ്പിള്‍ റോഡിലെ അനില്‍കുമാര്‍ ഗൗണ്ടിനെതിരെ വഞ്ചനാകുറ്റത്തിന് കേസെടുത്തത്. ജീവനക്കാരനായ പ്രതി 2020 മുതല്‍ ഇടപാടുകാരില്‍ നിന്നും ഗൂഗിള്‍ പേ വഴിപണം സ്വീകരിച്ച ശേഷം കമ്പനി അക്കൗണ്ടില്‍ അടക്കാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസ്. ജീവനക്കാരന്‍ സാധനങ്ങള്‍ വില്പന നടത്തിയ 32 ലക്ഷം രൂപ സ്വന്തം അക്കൗണ്ടില്‍ നിക്ഷേപിക്കുകയും തുടര്‍ന്നു അതേ സ്ഥാപനത്തിന്റെ 100 മീറ്റര്‍ അകലെ അത്തരത്തില്‍ മറ്റൊരു സ്ഥാപനമാരംഭിക്കുകയും ചെയ്തുവെന്നു ഉടമ പ്രദീപ് കുമാര്‍ ശര്‍മ്മ പരാതിപ്പെട്ടു.
പ്രദീപ് കുമാര്‍ ശര്‍മ്മ 2020 ല്‍ കുമ്പള ശാന്തിപ്പള്ളം ബദരിയ നഗറില്‍ ഗബ്ബാന മാട്രസ് എന്ന പേരില്‍ സഹോദരനുമായി ചേര്‍ന്ന് മെത്ത നിര്‍മ്മാണ ഫാക്ടറി ആരംഭിച്ചിരുന്നു. എന്നാല്‍ കൊറോണയെ തുടര്‍ന്ന് സഹോദരന്‍ നാട്ടിലേക്കു മടങ്ങിയതോടെ യു.പി സ്വദേശിയായ അനില്‍കുമാര്‍ ഗൗണ്ട് എന്നയാളെ സെയില്‍സ് എക്സിക്യൂട്ടിവായി നിയമിച്ചിരുന്നു. മെത്തകള്‍ക്കു കടകളില്‍പ്പോയി ഓഡര്‍ എടുത്തു വിതരണം ചെയ്യുകയും പണം തിരിച്ചേല്‍പ്പിക്കുകയുമായിരുന്നു അയാളുടെ ജോലി. ആദ്യകാലങ്ങളില്‍ കൃത്യമായി ജോലി ചെയ്തിരുന്ന ഇയാള്‍ പിന്നീട് മെത്ത വിറ്റു കിട്ടുന്ന പണം സ്വന്തം അക്കൗണ്ടില്‍ നിക്ഷേപിച്ചു. 32 ലക്ഷം രൂപ ഇത്തരത്തില്‍ തട്ടിയെടുത്തശേഷം ഗബ്ബാന മാട്രസിനു 100 മീറ്റര്‍ അകലെ ജ്യോതി മാട്രസ് എന്ന മറ്റൊരു സ്ഥാപനം തുറക്കുകയായിരുന്നു. തന്റെ വ്യവസായത്തെയും അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് പരാതി നല്‍കിയത്. യു.പി സ്വദേശികളായ പരാതിക്കാരന്‍ സൂരംബയലിലും എതിര്‍ കക്ഷി നായിക്കാപ്പിലുമാണ് താമസിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page