കൊൽക്കത്ത: അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി ശന്തനു താക്കൂർ. പശ്ചിമ ബംഗാളിലെ കാക്ദ്വീപിൽ ചേർന്ന പൊതുസമ്മേളനത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനം. അടുത്ത ഏഴ് ദിവസത്തിനുള്ളിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുക തന്നെ ചെയ്യും. ബംഗാളിൽ മാത്രമല്ല, രാജ്യത്തുടനീളം നിയമം പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.
അയോധ്യയിൽ രാമക്ഷേത്രം നിർമിച്ച് ആരാധന തുടങ്ങിക്കഴിഞ്ഞു.അതുകൊണ്ടുതന്നെ ഒരു കാര്യം കൂടി പറയാം. ‘അടുത്ത ഏഴ് ദിവസത്തിനുള്ളിൽ പശ്ചിമ ബംഗാളിൽ മാത്രമല്ല, ഇന്ത്യയിലുടനീളം പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുമെന്ന് എനിക്ക് ഉറപ്പ് നൽകാൻ കഴിയും’- പൊതുയോഗത്തിൽ ശന്തനു താക്കൂർ പറഞ്ഞു. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ സിഎഎ നടപ്പാക്കുമെന്നും അത് ആർക്കും തടയാനാകില്ലെന്നും കഴിഞ്ഞ വർഷം ഡിസംബറിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പറഞ്ഞിരുന്നു.