കൊച്ചി: മലയാളികളുടെ പ്രിയ നടന്‍ രാജേഷ് മാധവന്‍ വിവാഹിതനാകുന്നു. ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞു. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തില്‍ രാജേഷ് മാധവന്റെ ജോഡിയായ സുമലത ടീച്ചറെ അവതരിപ്പിച്ച നടി ചിത്ര നായര്‍ ഇരുവരുടേയും ഫോട്ടോ പങ്കുവച്ചു. ഇറ്റ്‌സ് ഒഫീഷ്യല്‍ എന്നു പറഞ്ഞുകൊണ്ടാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടര്‍മാരില്‍ ഒരാളായിരുന്നു ദീപ്തി. കാസര്‍കോട് കൊളത്തൂര്‍ സ്വദേശിയാണ് രാജേഷ്. നേരത്തെ ദീപ്തിക്കൊപ്പമുള്ള ചിത്രം രാജേഷ് മാധവന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. പ്രണയവിവാഹമാണ്. പാലക്കാടാണ് ദീപ്തിയുടെ സ്വദേശം. പ്രൊഡക്ഷൻ കൺട്രോളറായി സിനിമയിൽ തുടക്കം കുറിച്ച രാജേഷ് മാധവൻ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിൽ ചെറിയ വേഷം ചെയ്തു. പിന്നീട് തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായി. പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിക്കുകയും കാസ്റ്റിങ് ഡയറക്ടറായി പ്രവർത്തിക്കുകയും ചെയ്തു.