ജനുവരി സെർവിക്കൽ കാൻസർ ബോധവൽക്കരണ മാസമായിയാണ് കണക്കാക്കുന്നത്. മുംബൈയിലെ ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലിന്റെ (ടിഎംഎച്ച്) റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിൽ ഓരോ എട്ട് മിനിറ്റിലും ഒരു സ്ത്രീയുടെ ജീവൻ സെർവിക്കൽ കാൻസർ അപഹരിക്കുന്നു. ആഗോളതലത്തിലും ഇന്ത്യയിലും സ്ത്രീകളെ ബാധിക്കുന്ന ഗുരുതരമായ ആരോഗ്യപ്രശ്നമാണ് സെർവിക്കൽ കാൻസർ, ഇത് യോനിയിൽ നിന്ന് ഗർഭപാത്രത്തിലേക്ക് തുറക്കുന്ന സെർവിക്സിനെയാണ് ബാധിക്കുന്നത്.
സ്തനാർബുദം കഴിഞ്ഞാൽ, ഇന്ത്യയിലെ സ്ത്രീകളിൽ കാൻസർ സംബന്ധമായ മരണങ്ങളുടെ രണ്ടാമത്തെ കാരണമാണിത്.
ഹ്യൂമൻ പാപ്പിലോമ വൈറസുമായി (എച്ച്പിവി) പലപ്പോഴും ബന്ധപ്പെട്ടിരിക്കുന്ന സെർവിക്കൽ കാൻസർ നമ്മുടെ രാജ്യത്തെ ഏറ്റവും സാധാരണമായ കാൻസറുകളിൽ ഒന്നാണ്. പാപ് സ്മിയർ, എച്ച്പിവി ടെസ്റ്റുകൾ എന്നിവ പോലുള്ള പതിവ് സ്ക്രീനിംഗുകൾ നേരത്തെ കാൻസർ കണ്ടെത്തുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു.
സെർവിക്കൽ കാൻസറിന്റെ ഘട്ടങ്ങൾ ആദ്യമേ അറിയുന്നത് രോഗം നേരത്തേ കണ്ടെത്തുന്നതിനും തീരുമാനങ്ങൾ എടുക്കുന്നതിനും നിർണായകമാണ്.
ഘട്ടം 0: ഈ പ്രാരംഭ ഘട്ടത്തിൽ, അസാധാരണമായ കോശങ്ങൾ വികസിക്കുന്നു. അവ സെർവിക്സിന്റെ ആഴത്തിലുള്ള പാളികളിലേക്ക് കടക്കാതെ ആന്തരിക പാളിയിൽ ഒതുങ്ങിനിൽക്കുന്നു. ചികിത്സയായി ശസ്ത്രക്രിയയോ മറ്റ് ചെറിയ നടപടിക്രമങ്ങളോ ഉൾപ്പെടുന്നു. ഈ ഘട്ടം രോഗം സുഖപ്പെടാനുള്ള ഉയർന്ന സാധ്യത വാഗ്ദാനം ചെയ്യുന്നു.
ഘട്ടം I: കാൻസർ സെർവിക്സിൽ മാത്രമായി ഒതുങ്ങുന്നു. ചികിത്സകളിൽ ശസ്ത്രക്രിയ, റേഡിയേഷൻ തെറാപ്പി അല്ലെങ്കിൽ ട്യൂമർ നീക്കം ചെയ്യുന്നതിനോ നശിപ്പിക്കുന്നതിനോ ഉള്ള പ്രക്രിയകള്‍ എന്നിവ ഉൾപ്പെട്ടേക്കാം.
ഘട്ടം II: കാൻസർ സെർവിക്സിനപ്പുറത്തേക്ക് വ്യാപിക്കുകയും എന്നാൽ പെൽവിക് സൈഡ്‌വാളിൽ എത്താതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, ചികിത്സാ തന്ത്രങ്ങളിൽ ശസ്ത്രക്രിയ, റേഡിയേഷൻ അല്ലെങ്കിൽ ഇവ രണ്ടും സംയോജിപ്പിച്ച് ഉള്ള പ്രക്രിയകള്‍ എന്നിവ ഉൾപ്പെടാം.
ഘട്ടം III: ഈ ഘട്ടത്തിൽ, കാൻസർ യോനിയുടെ താഴ്ഭാഗം അല്ലെങ്കിൽ പെൽവിക് സൈഡ് വാളിനേയും ബാധിക്കുന്നു. ശസ്ത്രക്രിയ, റേഡിയേഷൻ, കീമോതെറാപ്പി എന്നിവ സംയോജിപ്പിച്ച് സമഗ്രമായ ചികിത്സാരീതിയാണ് രോഗത്തെ ചെറുക്കുന്നതിന് ഈ ഘട്ടത്തില്‍ ഉപയോഗിക്കുന്നു.
ഘട്ടം IV: സെർവിക്കൽ കാൻസർ അപകടകരമായ ഘട്ടത്തിലെത്തിയിരിക്കും. മൂത്രസഞ്ചി അല്ലെങ്കിൽ മലാശയം പോലുള്ള അടുത്തുള്ള അവയവങ്ങളിലേക്ക് വ്യാപിക്കും. ശസ്ത്രക്രിയ, റേഡിയേഷൻ, വ്യവസ്ഥാപരമായ ചികിത്സകൾ എന്നിവയുടെ സംയോജനം ആവശ്യമായി വരുന്ന സങ്കീർണമായ ചികിത്സാരീതികള്‍ ആവശ്യമായി വരും.
നേരത്തെയുള്ള രോഗ നിര്‍ണയം ചികിത്സയുടെ ഫലങ്ങൾ മെച്ചപ്പെടുത്തുന്നു. കാൻസറിനെ ശരിയായി ചികിത്സിക്കുന്നതിന് മെഡിക്കൽ, റേഡിയേഷൻ ഓങ്കോളജിസ്റ്റുകളും സർജന്മാരും ഉൾപ്പെടുന്ന സംഘം അത്യന്താപേക്ഷിതമാണ്. സെർവിക്‌സ് കാൻസർ തടയുന്നതിൽ HPV വാക്സിനേഷൻ പ്രധാനമാണ്. സെർവിക്‌സ് കാൻസറിന്റെ 95% കേസുകൾക്കും കാരണം HPV (വൈറസ്) ആണ്. സമയബന്ധിതമായ വാക്സിനേഷൻ ഈ അണുബാധ തടയാനും അതുവഴി രോഗം തടയാനും സഹായിക്കും. 11-26 വയസ്സിനിടയിലുള്ള എല്ലാ പെൺകുട്ടികളും ഈ വാക്സിനേഷൻ എടുക്കേണ്ടത് അനിവാര്യമാണ്. സെർവിക്‌സ് കാൻസറിന്റെ മിക്ക കേസുകളും തടയുന്നതിന് ഈ വാക്സിനേഷൻ സുരക്ഷിതവും ഫലപ്രദവുമാണ്.