പാട്ടുകളിലൂടെ മാത്രം അറിയപ്പെട്ടിരുന്ന യേശുദാസ് ഒരഭിനേതാവുകൂടിയായിരുന്നു. 1961 ല്‍ കാല്‍പ്പാടുക’ളിലൂടെ പിന്നണിഗായകനായി അരങ്ങേറി രണ്ടു വര്‍ഷത്തിനകം ‘ബൊമ്മൈ’ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലൂടെയാണ് ആദ്യമായി ക്യാമറക്ക് മുന്നില്‍ നിന്നത്. ‘ബൊമ്മൈ’യുടെ എന്‍ഡ് ടൈറ്റില്‍സില്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെ മുഴുവന്‍ പരിചയപ്പെടുത്തുന്നുണ്ട് സംവിധായകനായ വീണാവിദ്വാന്‍ എസ് ബാലചന്ദര്‍. അക്കൂട്ടത്തില്‍ കാണാം വിനയപൂര്‍വം തൊഴുതുനില്‍ക്കുന്ന നമ്മുടെ യേശുദാസിനെയും കാണാം. 1965 ല്‍ എം കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത ‘കാവ്യമേള’യില്‍ ‘സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ’ എന്ന പാട്ട് സ്വയം ഈണമിട്ടു പാടുന്ന ഗായകരുടെ കൂട്ടത്തില്‍ ദക്ഷിണാമൂര്‍ത്തി, പി ബി ശ്രീനിവാസ്, പി ലീല, എം ബി ശ്രീനിവാസന്‍ എന്നിവര്‍ക്കൊപ്പം യുവാവായ യേശുദാസിനെയും കാണാം. ‘കായംകുളം കൊച്ചുണ്ണി’ യിലൂടെയാണ് യേശുദാസിന്റെ മുഴുനീള വേഷവുമായി കടന്നുവന്നത്. സുറുമവില്‍പ്പനക്കാരനായ ഖാദറിന്റെ റോള്‍ സ്വീകരിച്ചത് സംവിധായകനും നിര്‍മാതാവുമായ പി എ തോമസിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണെന്ന് പറയുന്നു യേശുദാസ്.
യേശുദാസ് ഒരു മുഴുനീള കഥാപാത്രമായി പ്രത്യക്ഷപ്പെടുന്ന ഒരേയൊരു ചിത്രം എന്ന പ്രത്യേകതയുമുണ്ട് സത്യന്‍ നായകനായ കായംകുളം കൊച്ചുണ്ണിക്ക്. പിന്നാലെ വന്ന ‘അനാര്‍ക്കലി’യില്‍ അക്ബറിന്റെ സദസ്സിലെ ആസ്ഥാന ഗായകന്‍ മിയാന്‍ താന്‍സനായി ‘സപ്തസ്വരസുധാ സാഗരമേ’ എന്ന ഗാനരംഗത്ത് അഭിനയിച്ചു. പക്ഷെ പിന്നണി പാടിയത് ഡോ. ബാലമുരളീകൃഷ്ണയായിരുന്നു. ‘അച്ചാണി’യിലെ എന്റെ സ്വപ്നത്തിന്‍ താമരപ്പൊയ്കയില്‍ എന്ന ഗാനരംഗത്തിലാണ് പിന്നീട് യേശുദാസ് അഭിനയിച്ചത്. പഠിച്ച കള്ളന്‍, കതിര്‍മണ്ഡപം, ഹര്‍ഷബാഷ്പം, നിറകുടം, റൗഡി രാജമ്മ, പാതിരാ സൂര്യന്‍, നന്ദനം, ബോയ് ഫ്രണ്ട് തുടങ്ങി വേറെയും ചിത്രങ്ങളില്‍ ഗായക വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് യേശുദാസ്. അഭിനയം ഗായകന് പറഞ്ഞിട്ടുള്ളതല്ലെന്ന നിലപാടാണ് യേശുദാസിന്. അതിനാല്‍ പിന്നീടുള്ള അവസരങ്ങള്‍ നിഷേധിക്കേണ്ടി വന്നിട്ടുണ്ട്.