കണ്ണൂർ: യുവാവിനെ ദുരൂഹസാഹചര്യത്തില്‍ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പയ്യന്നൂര്‍ തായിനേരി വായനശാലക്ക് സമീപത്തെ മുഹമ്മദ് കുഞ്ഞിയുടെയും ആയിഷയുടെയും മകന്‍ കാട്ടൂര്‍ മുഹമ്മദ് നൗഫലിനെ (27)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ചൊവ്വാഴ്ച വൈകുന്നേരം 3.30 മണിയോടെയായിരുന്നു സംഭവം. ഈ സമയം വീട്ടിൽ പ്രായമായ ഒരു സ്ത്രീ മാത്രമെ ഉണ്ടായിരുന്നുള്ളൂവെന്നാണ് വിവരം. തിങ്കളാഴ്ച രാത്രി പത്തിന് വീടിന്റെ മുകള്‍ നിലയിലെ കിടപ്പു മുറിയില്‍ ഉറങ്ങാന്‍ കിടന്നതായിരുന്നു.
കൂടുതല്‍ സമയം ഉറങ്ങുന്ന ശീലമുള്ള നൗഫല്‍ ഉച്ചയായിട്ടും ഉണരാത്തതിനെ തുടര്‍ന്ന് വിളിച്ചെഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് മരണപെട്ടതായി കണ്ടത്. കിടപ്പുമുറിയിലെ കട്ടിലില്‍ ഉറങ്ങുന്ന നിലയിലായിരുന്നു യുവാവ്. പരിസരവാസികളാണ് പൊലീസിൽ വിവരമറിയിച്ചത്. മുറിയിൽ രക്തം തളം കെട്ടിയത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സ്ഥലത്തെത്തിയ പയ്യന്നൂർ സ്റ്റേഷൻ പൊലീസ് ഇൻസ്പെക്ടർ മെൽബിൻ ജോസിൻ്റെ നേതൃത്വത്തിൽ മൃതദേഹം വിശദമായ ഇൻക്വസ്റ്റ് നടപടികൾ നടത്തി. പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു. പി എസ് എസി കോച്ചിംഗ് ക്ലാസിലും മറ്റും പോയിരുന്ന നൗഫൽ മൂന്നോളം പി.എസ്.സി. റാങ്ക് ലിസ്റ്റിലുണ്ട്.
സഹോദരങ്ങള്‍: ഇസ്മായില്‍, സൗദ (പൊലീസ്), സക്കീന (റജിസ്ട്രാര്‍ ഓഫീസ് പയ്യന്നൂര്‍ ), സുഹറ.
