സോഷ്യല്‍ മീഡിയയില്‍ തരംഗമായ കരിക്ക് വെബ് സീരീസ് താരം സ്‌നേഹാ ബാബു വിവാഹിതയായി. കരിക്ക് ടീമിലെ അംഗവും ക്യാമറാമാനുമായ അഖില്‍ സേവ്യറാണ് വരന്‍. ആദ്യരാത്രി, ഗാനഗന്ധര്‍വന്‍, മിന്നല്‍ മുരളി എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേമായ വേഷങ്ങളും സ്‌നേഹ അവതരിപ്പിച്ചിട്ടുണ്ട്. കരിക്കിന്റെ ചിത്രീകരണ വേളയിലാണ് ഇരുവരും സുഹൃത്തുകളായത്. പിന്നീട് ആ ബന്ധം വളര്‍ന്ന് പ്രണയമാവുകയായിരുന്നു. ഒടുവില്‍ വിവാഹത്തിലെത്തി. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പങ്കുവെച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് അഖിലും സ്‌നേഹയും പ്രണയവിവരം പങ്കുവെച്ചത്. പ്രിയപ്പെട്ടവരുടെ വിവാഹത്തിന് ആശംസ നേരാന്‍ കരിക്ക് ടീമിലെ കൂട്ടുകാരെല്ലാം എത്തിയിരുന്നു. അര്‍ജുന്‍ രത്തന്‍, ശബരീഷ്, കിരണ്‍ വിയത്ത്, ശ്രുതി സുരേഷ്, വിദ്യ വിജയകുമാര്‍, അനഘ മരിയ വര്‍ഗ്ഗീസ്, നീലിന്‍ സാന്‍ഡ്ര എന്നിവര്‍ വിവാഹത്തില്‍ പങ്കെടുത്തു. വിവാഹ ചിത്രങ്ങള്‍ സ്‌നേഹ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ സജീവമായ സ്‌നേഹ റീല്‍സുകളിലൂടെയാണ് കരിക്കിന്റെ ഭാഗമാകുന്നത്. ഗ്രേസിയുടെയും ബാബുവിന്റെയും മകളായി 1997 മെയ് 18ന് മുംബൈയിലെ ഗോരെഗാവിലാണ് സ്‌നേഹയുടെ ജനനം. സെന്റ് തോമസ് ഹൈസ്‌കൂള്‍ ആന്‍ഡ് ജൂണിയര്‍ കോളജ്, ഗോരെഗാവിലായിരുന്നു സ്‌നേഹയുടെ പഠനം. ഇന്റീയര്‍ ഡിസൈനിങ് പഠിച്ചുകൊണ്ടിരുന്ന സ്‌നേഹ ടിക്ടോക്കില്‍ സജീവമായിരുന്നു. അതുവഴിയാണ് ‘കരിക്ക്’ ചാനലില്‍ അവസരം ലഭിച്ചത്.