കാസര്‍കോട്: പ്രവാസിയുടെ പൂട്ടിയിട്ട വീട്ടില്‍ കവര്‍ച്ച നടത്തിയ സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍. മലപ്പുറം തിരൂര്‍ സ്വദേശി ഷിബിലി (24)യെയാണ് എസ്.ഐ.എം.വി.ശ്രീദാസ് അറസ്റ്റു ചെയ്തത്. ഞായറാഴ്ച പുലര്‍ച്ചേ ചെറുവത്തൂര്‍ കയ്യൂര്‍ റോഡിലെ പ്രവാസി പിവി ബാലകൃഷ്ണന്റെ വീട് കുത്തിതുറന്ന് വിലപിടിപ്പുള്ള മൊബെല്‍ ഫോണുകളും തുണിത്തരങ്ങളും പണവും കവര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് കുട്ടമത്ത് വെച്ച് നാട്ടുകാരുടെ സഹായത്തോടെ മോഷ്ടാവിനെ പൊലീസ് പിടികൂടിയത്. കൂട്ടുപ്രതി തൃശൂര്‍ സ്വദേശി ഷിബു ഓടി രക്ഷപ്പെട്ടു. അറസ്റ്റിലായ കോടതിയില്‍ ഹാജരാക്കി. വീട്ടില്‍ നിന്ന് 25000 രൂപ വിലവരുന്ന തുണിത്തരങ്ങള്‍, രണ്ട് മൊബൈല്‍ ഫോണ്‍, വിദേശ കറന്‍സികളുമടക്കം ആകെ 50000 രൂപയുടെ സാധനങ്ങള്‍ മോഷണം പോയിരുന്നു. ഖത്തറില്‍ നിന്നെത്തിയ മകള്‍ക്കും മരുമകനുമൊപ്പം ബാകൃഷ്ണനും ഭാര്യ ജയഭാരതിയും കുടകിലേക്ക് പോയ അവസരത്തിലാണ് വീട്ടില്‍ മോഷണം നടന്നത്. വീടിന്റെ മുകള്‍ ഭാഗം കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. പുലര്‍ച്ചേ സംശയാസ്പദമായ സാഹചര്യത്തില്‍ യുവാക്കളെ കണ്ട നാട്ടുകാരനാണ് പൊലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് ഒരാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഒരാള്‍ ഓടി രക്ഷപ്പെട്ടു. ഷിബിലിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് മോഷണം പുറത്തു വന്നത്.
