കാസർകോട്: കൊലക്കേസ് പ്രതിയെ തേടിയെത്തിയ പൊലീസ് സംഘത്തെ ഭീഷണിപ്പെടുത്തിയതായി പരാതി. സംഭവത്തില്‍ അഞ്ചോളം കേസുകളില്‍ പ്രതിയായ യുവാവിനെ മഞ്ചേശ്വരം പൊലീസ് അറസ്റ്റു ചെയ്തു. പൈവളിഗെയിലെ മുഹമ്മദ് അര്‍ഷാദി(22)നെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റു ചെയ്തത്. ഒരു കൊലക്കേസില്‍ പ്രതിയായി ഒളിവില്‍ കഴിയുന്ന പ്രതി വീട്ടിലെത്താന്‍ സാധ്യതയുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയതായിരുന്നു ഫ്‌ളൈയിംഗ് സ്‌ക്വാഡ്. ഈ സമയത്ത് സ്ഥലത്തെത്തിയ മുഹമ്മദ് അര്‍ഷാദ് ഭീഷണിപ്പെടുത്തിയെന്നു കാണിച്ച് സിവില്‍ പൊലീസ് ഓഫീസറായ ഭവിത്ത് നല്‍കിയ പരാതി പ്രകാരമാണ് കേസെടുത്ത് അറസ്റ്റു ചെയ്തതെന്നു മഞ്ചേശ്വരം പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ നരഹത്യാശ്രമം, തട്ടികൊണ്ടുപോകല്‍, പോക്‌സോ തുടങ്ങിയ അഞ്ചോളം കേസുകള്‍ ഉള്ളതായി പൊലീസ് പറഞ്ഞു.
