മംഗളൂരു: കന്നഡ സൂപ്പര്‍സ്റ്റാര്‍ യാഷിന് ജന്മദിനാശംസകള്‍ നേര്‍ന്ന് കൂറ്റന്‍ കട്ട് ഔട്ട് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്ന് ആരാധകര്‍ക്ക് ദാരുണാന്ത്യം. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
കര്‍ണാടകയിലെ ഗഡാഗ് ജില്ലയിലെ ലക്ഷ്‌മേശ്വര്‍ നഗരത്തിനടുത്ത സോറനാഗിയിലാണ് അപകടം. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഹനുമന്ത ഹരിജന്‍(24), മുരളി നടുമണി(20), നവീന്‍ ഗാജി(20) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മഞ്ജുനാഥ് ഹരിജന്‍, പ്രകാശ് മ്യഗേരി, ദീപക് ഹരിജന്‍ എന്നിവര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇവരില്‍ രണ്ടുപേരുടെ നിലഗുരുതരമാണ്.
കെജിഎഫ്’ സീരീസ് സൂപ്പര്‍സ്റ്റാര്‍ യാഷിന്റെ ജന്മദിനം പ്രമാണിച്ച് തിങ്കളാഴ്ച പുലര്‍ച്ചേ ഗ്രാമത്തിലെ ആരാധകരായ ഒന്‍പതു യുവാക്കള്‍ അദ്ദേഹത്തോടുള്ള സ്‌നേഹം പ്രകടിപ്പിക്കുന്നതിനായി കട്ട് ഔട്ട് സ്ഥാപിക്കുകയായിരുന്നു. രാത്രി ഇരുട്ടായതിനാല്‍ ഹൈടെന്‍ഷന്‍ വൈദ്യുതി ലൈന്‍ കാണാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. ഇരുമ്പ് ഫ്രെയിമുകളാണ് കട്ടൗട്ടിന് ഉപയോഗിച്ചത്. കട്ടൗട്ട് ഉയര്‍ത്തവെ വൈദ്യുത ലൈനില്‍ ഫ്രെയിമുകള്‍ മുട്ടിയുരസി. അപ്പോള്‍ തന്നെ ഷോക്കേറ്റ് മൂന്നു പേര്‍ തല്‍ക്ഷണം മരിച്ചുവെന്ന് എസ്പി ബി.എസ് നേമഗൗഡ് പറഞ്ഞു. മരണപ്പെട്ടവര്‍ക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ച് ഡിസി, എസ്പി എന്നിവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ചര്‍ച്ച ചെയ്യുമെന്നും ജില്ലാ ചുമതലയുള്ള മന്ത്രി എച്ച്കെ പാട്ടീല്‍ പറഞ്ഞു. അതേസമയം നടന്‍ യാഷ് മരിച്ചവരുടെ വീടുകള്‍ സന്ദര്‍ശിക്കണമെന്ന് മരിച്ചവരുടെ അവരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആവശ്യപ്പെട്ടു.
അപകടത്തില്‍ പരിക്കേറ്റ് ലക്ഷ്‌മേശ്വറിലെ ആശുപത്രിയില്‍ കഴിയുന്നവരെ സ്ഥലം എംഎല്‍എ ചന്ദ്രു ലമാനി സന്ദര്‍ശിച്ച് മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.