തിരുവല്ല: ശബരിമല സന്നിധാനത്തെത്തിയ ദേവസ്വം മന്ത്രി കെ. രാധാകൃഷ്‌ണനെ ജാതീയമായി അധിക്ഷേപിച്ച് ഫെയ്‌സ്‌ബുക്കില്‍ പോസ്‌റ്റിട്ടയാള്‍ അറസ്‌റ്റില്‍.പരുമല ഇടയ്‌ക്കാട്ട് വീട്ടില്‍ ശരത് നായരെന്ന സുരേഷ് കുമാറി(50)നെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. മതസ്‌പര്‍ധ വളര്‍ത്തല്‍, 153 (എ) പട്ടികജാതി, പട്ടികവര്‍ഗ പീഡന നിരോധന നിയമം എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
മണ്ഡലപൂജയോട് അനുബന്ധിച്ച് തങ്കയങ്കി ചാര്‍ത്തിയുള്ള ദീപാരാധന വേളയില്‍ മന്ത്രി സോപാനത്ത് നില്‍ക്കുന്ന ഫോട്ടോ ഉള്‍പ്പെടുത്തി ജാതീയ അധിക്ഷേപം നടത്തുന്നവിധത്തില്‍ ഫെയ്‌സ്‌ബുക്കില്‍ പോസ്‌റ്റ് ഇട്ടതിനാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത്.
ഡി.വൈ.എഫ്.ഐ. പരുമല മേഖലാ സെക്രട്ടറി ശ്രീജിത്ത്, സുരേഷ് കുമാറിനെതിരേ നല്‍കിയ പരാതിയില്‍ പുളിക്കീഴ് പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ മുംബൈയിലുണ്ടെന്ന് വിവരം ലഭിച്ചു. അവിടെ ഒരു കമ്പനിയില്‍ ഇലക്‌ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു. ഇയാളെ അന്വേഷിച്ച് കേരള പോലീസ് മുംബൈയില്‍ എത്തിയിരുന്നു. ഇതിന് പിന്നാലെ ഇന്നലെ ഇയാള്‍ നാട്ടിലെത്തി തിരുവല്ല പൊലീസ് മുമ്പാകെ കീഴടങ്ങുകയായിരുന്നു.
തിരുവല്ല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌ത് മാവേലിക്കര സബ് ജയിലിലേക്കയച്ചു.
