കൊല്ലത്ത് ഇനി കലോത്സവ നാളുകള്‍. 62-ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു. മുഖ്യവേദിയായ ആശ്രാമം മൈതാനിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കലാമാമാങ്കം ഉദ്ഘാടനം ചെയ്തു. കലോത്സവം കുട്ടികളുടേതാണെന്നും രക്ഷിതാക്കള്‍ തമ്മില്‍ മത്സരിക്കരുതെന്നും ഉദ്ഘാടനം പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. കല പോയിന്റ് നേടാനുള്ളൊരു ഉപാധിയല്ല. ആ രീതി ഉപേക്ഷിക്കണം. കലാവാസനയുള്ള കുട്ടികള്‍ക്ക് സാംസ്‌കാരിക പരിസ്ഥിതി സൃഷ്ടിക്കണം. കലപ്രവര്‍ത്തനം തുടരാന്‍ സാമ്പത്തികമായി പിന്നോട്ടു നില്‍ക്കുന്നവരെ മുന്നോട്ട് വരാനായി പ്രോത്സാഹിപ്പിക്കണം.
ലഹരികളില്‍ കുഞ്ഞുങ്ങള്‍ അകപ്പെടുന്നതില്‍ നിന്ന് സംരക്ഷിക്കണം.അതിനോടൊപ്പം തന്നെ അത്തരത്തില്‍ അകപ്പെട്ട് പോയ കുട്ടികളെ പുറത്തുകൊണ്ട് വരണം. അടുത്ത വര്‍ഷം മുതല്‍ ഗോത്രകല ഉള്‍പ്പെടുത്ത കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നടിയും നര്‍ത്തകിയുമായ ആശാ ശരത്തിന്റെ നേതൃത്വത്തില്‍ സ്വാഗത ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം നടന്നതിന് പിന്നാലെയാണ് കലോത്സവത്തിന് തിരിതെളിയിച്ചത്. വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയുടെ അധ്യക്ഷത വഹിച്ചു.
59 ഇനങ്ങളിലാണ് ആദ്യദിനം മത്സരങ്ങള്‍ നടക്കുന്നത്. മോഹിനിയാട്ടമാണ് ആദ്യത്തെ മത്സരയിനം. പതിനാലായിരത്തോളം മത്സരാര്‍ഥികള്‍ അഞ്ചുദിവസങ്ങളിലായി വിവിധ വേദികളില്‍ എത്തും.
പ്രധാനവേദിയില്‍ എച്ച്എസ് വിഭാഗം പെണ്‍കുട്ടികളുടെ മോഹിനിയാട്ട മത്സരത്തോടെ വേദികള്‍ ഉണര്‍ന്നു. 24 വേദികളില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി 239 ഇനങ്ങളില്‍ 14,000 പ്രതിഭകള്‍ മാറ്റുരയ്ക്കും. കലോത്സവത്തിന് മാത്രമായുള്ള ഹെല്‍പ്പ് ലൈന്‍ നമ്പര്‍ തയ്യാറാക്കിയിട്ടുണ്ട്. 112, 9497 930 804 എന്നതാണ് ഹെല്‍പ്പ് ലൈന്‍ നമ്പര്‍. വേദികളിലും അനുബന്ധ പ്രദേശങ്ങളിലും ശക്തമായ നിരീക്ഷണത്തിന് സി സി. ടി വി സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇരുപത്തിയഞ്ച് ഓട്ടോറിക്ഷകള്‍ വേദികളില്‍ നിന്നും മറ്റു വേദികളിലേക്ക് മത്സരാര്‍ഥികളെ എത്തിക്കുന്നതിനായി സൗജന്യ സേവനം നടത്തും. എല്ലാ ടൗണ്‍ ബസ് സര്‍വ്വീസും കെഎസ്ആര്‍ടിസി, ഓര്‍ഡിനറി ബസുകളും ചിന്നക്കട ആശ്രാമം വഴി കടപ്പാക്കട റൂട്ടിലൂടെ കലോത്സവം അവസാനിക്കുന്നതുവരെ സര്‍വ്വീസ് നടത്തും. ജനുവരി നാലുമുതല്‍ എട്ടുവരെയാണ് കലോല്‍സവം നടക്കുന്നത്.
