അസ്സമിലെ ഗോലഘട്ടില്‍ ബസ്സും ട്രക്കും കൂട്ടിയിടിച്ച് 12 പേര്‍ മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച പുലര്‍ച്ചെ 5 മണിയോടെ ഗോലാഘട്ടിലെ ഡെറഗോണിലെ ബാലിജന്‍ മേഖലയിലാണ് അപകടം. ടിലിങ്ക മന്ദിറിലേക്ക് തീര്‍ത്ഥാടകരുമായി പോകുകയായിരുന്ന ബസില്‍ എതിര്‍ദിശയില്‍ വന്ന ട്രക്ക് ഇടിക്കുകയായിരുന്നു. അപകടം നടക്കുമ്പോള്‍ ബസ്സില്‍ 45 യാത്രികര്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. യാത്രാ സംഘം ടിലിങ്ക മന്തിറിലേക്ക് എത്തുന്നതിനു തൊട്ടുമുന്‍പായാണ് അപകടം സംഭവിച്ചത്. കല്‍ക്കരി ഖനിയിലെ ട്രക്കുമായി ബസ് കൂട്ടിയിടിക്കുകയായിരുന്നു. ബസില്‍ നിന്നും 10 മൃതദേഹങ്ങളാണ് പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശുപത്രിയില്‍ നിന്നാണ് 2 പേര്‍ മരിച്ചത്. ട്രക്ക് ഡ്രൈവര്‍ ആലംഹക്കീമും അപകടത്തില്‍ മരിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. ഗോലാഘട്ട് എസ്.പി രാജേന്‍ സിങ് സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. അപകടം നടന്നത് എങ്ങനെയാണെന്ന് അന്വേഷിച്ച് വരികയാണെന്നും വിശദമായ അന്വേഷണം നടത്തുമെന്നും എസ്പി അറിയിച്ചു. അപകടം നടന്നതിന് പിന്നാലെ ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പിന്നാലെ വിവരമറിഞ്ഞ് പൊലിസും ഫയര്‍ഫോഴ്‌സുമെത്തി.
