കർണാടകയിലെ പ്രശസ്ത ശിൽപി അരുൺ യോഗിരാജ് കൊത്തിയെടുത്ത രാമ വിഗ്രഹം അയോധ്യയിലെ രാമക്ഷേത്രത്തിൽ സ്ഥാപിക്കാൻ തിരഞ്ഞെടുക്കപ്പെട്ടു. മൈസൂരു സ്വദേശിയാണ് യോഗിരാജ്. ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാമക്ഷേത്രം തുറക്കുന്നത്.
മൈസൂരിലെ ശിൽപി അരുൺ യോഗിരാജിന്റെ ശിൽപം തിരഞ്ഞെടുക്കപ്പെട്ടത് സംസ്ഥാനത്തെ എല്ലാ രാമ ഭക്തരുടെ അഭിമാനവും സന്തോഷവും ഇരട്ടിയാക്കിയെന്ന് ബി.ജെ.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പ പറഞ്ഞു.
വിഗ്രഹങ്ങളുടെ വോട്ടെടുപ്പ് ഡിസംബർ 30 നാണ് നടന്നത്. മൂന്ന് വിഗ്രഹങ്ങളാണ് അന്തിമഘട്ടത്തില്‍ ഉണ്ടായിരുന്നത്. ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റി ബോർഡ് ആണ് മൂന്ന് രാമ വിഗ്രഹങ്ങളും പരിശോധിച്ച് അന്തിമ തീരുമാനം എടുത്തത്.
കർണാടകയിൽ നിന്നുള്ള ഗണേഷ് ഭട്ട്, അരുൺ യോഗിരാജ് രാജസ്ഥാനിൽ നിന്നുള്ള സത്യ നാരായൺ പാണ്ഡെ എന്നിവരുടെ മൂന്ന് വിഗ്രഹങ്ങളാണ് ഉണ്ടായിരുന്നത്. കർണാടകയിൽ നിന്നുള്ള ശിൽപികൾ കറുത്ത കല്ലുകളും രാജസ്ഥാനിൽ നിന്നുള്ള ശിൽപി വെള്ള മക്രാന മാർബിളുമാണ് ഉപയോഗിച്ചിരിക്കുന്നത്. മുംബൈ ആസ്ഥാനമായുള്ള പ്രശസ്ത കലാകാരനായ വാസുദേവ് കാമത്ത് ട്രസ്റ്റിന് സമർപ്പിച്ച രേഖാചിത്രത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു മൂന്ന് വിഗ്രഹങ്ങളും.