നാടക നടനും സംവിധായകനുമായ പ്രശാന്ത് നാരായണന്‍ (51)അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തായിരുന്നു അന്ത്യം. അവശനിലയിലായതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മുപ്പത് വര്‍ഷക്കാലമായി ഇന്ത്യന്‍ തീയേറ്റര്‍ രംഗത്തെ ശ്രദ്ധേയമായ സാന്നിദ്ധ്യമായിരുന്നു പ്രശാന്ത് നാരായണന്‍. മോഹന്‍ലാലിനെ നായകനാക്കിന് ഛായാമുഖി അടക്കം ഒട്ടേറെ നാടകങ്ങള്‍ സംവിധാനവും ചെയ്തിട്ടുണ്ട്. വളരെ ചെറിയ പ്രായം മുതല്‍ തന്നെ നാടകങ്ങള്‍ എഴുതി തുടങ്ങിയിരുന്നു. 2008 ല്‍ മോഹന്‍ലാലിനെയും മുകേഷിനെയും ഒരുമിപ്പിച്ച് ചെയ്ത ഛായാമുഖി എന്ന നാടകം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. 2003 ല്‍ കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നാടക രചനയ്ക്കൂള്ളഅവാര്‍ഡ്, 2011 ല്‍ ദുര്‍ഗ്ഗാദത്ത പുരസ്‌കാരം, 2015 ല്‍ എ പി കളയ്ക്കാട് അവാര്‍ഡ്, 2016 ല്‍ അബുദാബി ശക്തി അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മകരധ്വരജന്‍, മഹാസാഗരം, മണികര്‍ണിക അടക്കം നിരവധി ഹിറ്റ് നാടകങ്ങള്‍ ഒരുക്കി. നാടക ടിക്കറ്റ്, പ്രശാന്ത് നാരായണന്റെ നാടകങ്ങള്‍, ഭാരതാന്തം ആട്ടക്കഥ, ഛായാമുഖി എന്നിവയാണ് കൃതികള്‍. ഭാസന്റെ സംസ്‌കൃത നാടകമായ സ്വപ്ന വാസവദത്തം വിവിധ ഭാഷകളില്‍ സംവിധാനം ചെയ്തു. തിരുവനന്തപുരം വെള്ളായണിയില്‍ കഥകളി സാഹിത്യകാരന്‍ വെള്ളായണി നാരായണന്‍ നായരുടേയും ശാന്തകുമാരി അമ്മയുടേയും മകനാണ്.
