കൊച്ചി: ആഘോഷങ്ങളിൽ സ്വയം മതിമറക്കുമ്പോൾ സ്വന്തം ശരീരവും നോക്കണമെന്ന ഉപദേശവുമായി അവതാരികയും നടിയുമായ രഞ്ജിനി ഹരിദാസ്.
താൻ രോഗക്കിടക്കയിലായതോടെയാണ് സുഹൃത്തുക്കൾക്കും തന്റെ ആരാധകർക്കും ഉപദേശവുമായി രഞ്ജിനിയെത്തിയത്.
ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചചെയ്യുന്നത് രജനി പോസ്റ്റ് ചെയ്തിരിക്കുന്ന ഒരു ഫോട്ടോയാണ്.
കയ്യിൽ ഡ്രിപ് ഇട്ടതിന്റെ ചിത്രങ്ങൾ സഹിതമാണ് രഞ്ജിനി പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
ചെറിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായാൽ അപ്പോൾ തന്നെ ശ്രദ്ധ നൽകി ചികിത്സിച്ചു മാറ്റിയില്ലെങ്കിൽ എന്താകും സ്ഥിതിയെന്ന് അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുകയാണ് രഞ്ജിനി. ക്രിസ്മസ് പിറ്റേന്ന് ആശുപത്രിയിലായ വിവരം അറിഞ്ഞാൽ ആരാണ് അമ്പരക്കാതിരിക്കുകയെന്ന് ഇവർ പറയുന്നു. തന്റെ ശരീരത്തിലുണ്ടായ ലക്ഷണങ്ങൾ ഏറെ നാളായി അവഗണിച്ചതിന്റെ ഫലമാണ് ഇപ്പോൾ ആശുപത്രിയിൽ കയറേണ്ടി വന്നതെന്ന് രഞ്ജിനി പറയുന്നു.
ഒരു ചെറിയ ചെസ്റ്റ് ഇൻഫക്‌ഷനാണ് ഈ നിലയിൽ എത്തിച്ചത് എന്നും ആഘോഷങ്ങൾക്കായി സമയം ചിലവിട്ടപ്പോഴാണ് അത് തിരിച്ചറിഞ്ഞത് എന്നും കുറച്ചു ദിവസങ്ങൾക്കുള്ളിൽ എല്ലാം ശരിയാകുമെന്നും രഞ്ജിനി പറഞ്ഞു. ക്രിസ്മസ് സംഭവബഹുലമായിരുന്നു, പക്ഷേ ഒന്നും കൂടുതലാകരുത്. ആശുപത്രിയിലെ എമർജൻസി റൂമിൽ കയറേണ്ടി വരികയെന്നത് അത്ര സുഖമുള്ള കാര്യമല്ലെന്നും രഞ്ജിനി പറയുന്നു. പുതുവത്സര ആഘോഷങ്ങൾക്ക് തയ്യാറെടുക്കുന്ന ഓരോ മലയാളികൾക്കുമുള്ള ഉപദേശം കൂടിയാണ് രഞ്ജിനി ഹരിദാസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
