കണ്ണൂര്‍: രണ്ടാം പിണറായി സര്‍ക്കാരില്‍ രണ്ടാം ടേമില്‍ മന്ത്രിയായി തിരിച്ചുവരുമ്പോള്‍ രാമചന്ദ്രന്‍ കടന്നപ്പളളിയിലൂടെ കണ്ണൂരിന് ലഭിക്കുന്നത് മറ്റൊരു മന്ത്രിസ്ഥാനംകൂടി. എം.വി ഗോവിന്ദന്‍ മന്ത്രിസ്ഥാനം രാജിവെച്ചു പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായതോടെ ഒന്നാം പിണറായി സര്‍ക്കാരില്‍ അഞ്ചു മന്ത്രിമാരുണ്ടായിരുന്ന സര്‍ക്കാരില്‍ കണ്ണൂരിന്റെ പ്രാതിനിധ്യം മുഖ്യമന്ത്രി മാത്രമായി ചുരുങ്ങിയിരുന്നു. ഇപ്പോള്‍ കടന്നപ്പളളിയിലൂടെ രണ്ടാം ടേമിലെങ്കിലും മറ്റൊരു മന്ത്രിസ്ഥാനം കണ്ണൂരിന് ലഭിച്ചിരിക്കുകയാണ്.
ജനകീയനായ രാഷ്ട്രീയക്കാരനെന്നു അറിയപ്പെടുന്ന കടന്നപ്പളളി മൂന്നാമതാണ് മന്ത്രിസ്ഥാനത്തേക്ക് വരുന്നത്. യു.ഡി. എഫ് മണ്ഡലമായ കണ്ണൂരില്‍ നിന്നുംരണ്ടു തവണ അട്ടിമറി വിജയം നേടിയ കടന്നപ്പളളി സി.പി.എമ്മിന്റെഅതീവവിശ്വസ്തനായ ഘടകകക്ഷി നേതാക്കളിലൊരാള്‍ കൂടിയാണ്.
കോണ്‍ഗ്രസ് എസ് എന്ന ഈര്‍ക്കില്‍ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റുകൂടിയായ കടന്നപ്പളളി മുഖ്യമന്ത്രി പിണറായി വിജയനുമായി ആത്മബന്ധം പുലര്‍ത്തുന്ന അപൂര്‍വ്വം പേരില്‍ ഒരാള്‍ കൂടിയാണ്. മുന്നണിക്കും സര്‍ക്കാരിനും തലവേദനസൃഷ്ടിക്കാത്ത പരിപൂര്‍ണ വിധേയനായ നേതാവെന്ന പരിഗണനയാണ് കടന്നപ്പളളിയെ രണ്ടാം മന്ത്രിസഭയിലും മന്ത്രിയാക്കാന്‍ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചത്.
അഹ്‌മദ് ദേവര്‍കോവില്‍ കൈക്കാര്യം ചെയ്ത തുറമുഖവകുപ്പു തന്നെയാണ് കടന്നപ്പളളിക്ക് ലഭിക്കാന്‍ സാധ്യത. ഇതോടെ സംസ്ഥാനമന്ത്രിസഭയിലെ ഏറ്റവും പ്രായം ചെന്ന മന്ത്രിയായി കൂടി കടന്നപ്പളളി മാറും. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് രാമചന്ദ്രന്‍കടന്നപ്പളളി പൊതുപ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. 1960ല്‍ കെ.എസ്.യു കണ്ണൂര്‍ താലൂക്ക് പ്രസിഡന്റായി. 65ല്‍ കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടിയും 69ല്‍ പ്രസിഡണ്ടുമായി. കെ.എസ്.യു സംസ്ഥാന പ്രസിഡന്റായിരിക്കെ1971-ല്‍ കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലത്തില്‍ ഇ.കെ. നായനാരെ തോല്‍പ്പിച്ച് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടന്നപ്പള്ളി വരവറിയിച്ചു.
കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ 1980ല്‍ എല്‍ഡിഎഫിലെത്തി.
അന്ന് കൂടെയുണ്ടായിരുന്ന എ.കെ ആന്റണി ഉള്‍പ്പെടെയുള്ളവര്‍ തിരികെ കോണ്‍ഗ്രസിലേക്ക് പോയെങ്കിലും കടന്നപ്പള്ളി മാത്രം എല്‍ഡിഎഫില്‍ ഉറച്ച് നിന്നു.1980 ല്‍ ഇരിക്കൂറില്‍ നിന്ന് നിയമസഭാംഗമായി. പിന്നീട് പേരാവൂര്‍, എടയ്ക്കാട്, കണ്ണൂര്‍ മണ്ഡലങ്ങളില്‍ നിന്നും നിയമസഭയിലെത്തി. 29 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമെല്‍ക്കുമ്പോള്‍ പിണറായിമന്ത്രിസഭയിലെ അനുഭവസമ്പത്തുളള മന്ത്രിമാരിലൊരാളായി കടന്നപ്പളളി മാറും.