കാസര്‍കോട്: വീട്ടിലേക്ക് പോവുകയായിരുന്ന വസ്ത്രാലയ ജീവനക്കാരിയുടെ സ്‌കൂട്ടര്‍ കൈ കാണിച്ച് നിര്‍ത്തിയശേഷം രണ്ടംഗ സംഘം മൂന്നര പവന്‍ തൂക്കമുള്ള സ്വര്‍ണ്ണമാല കവര്‍ന്നു. മോഷ്ടാക്കളായ യുവതിയും ആണ്‍സുഹൃത്തും രക്ഷപ്പെട്ടത് മറ്റൊരു സ്‌കൂട്ടറില്‍. വെള്ളിയാഴ്ച രാത്രി ഏഴരയോടെ ഉളിയത്തടുക്ക ഐ.എ.ഡി ജംഗ്ഷനിലാണ് സംഭവം. കാസര്‍കോട് പുതിയ ബസ്സ്റ്റാന്റിലെ ഒരു വസ്ത്രാലയത്തിലെ ജീവനക്കാരിയായ മായിപ്പാടി സ്വദേശിനി ദീപ്തി (30)യുടെ മാലയാണ് സംഘം കവര്‍ന്നത്. ജോലി കഴിഞ്ഞ് സ്വന്തം സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോവുകയായിരുന്നു യുവതി. ഐ.എ.ഡി ജംഗ്ഷനിലെത്തിയപ്പോള്‍ സ്ഥലത്തെത്തിയ സ്‌കൂട്ടറിലെ യാത്രക്കാരായ യുവതിയും യുവാവും കൈ കാണിച്ചു നിര്‍ത്തി. തുടര്‍ന്ന് മധൂരിലേയ്ക്കുള്ള വഴി ചോദിച്ചു. കൈ ചൂണ്ടികാണിച്ചു കൊടുക്കുന്നതിനിടെ ദീപ്തിയുടെ കഴുത്തില്‍ കിടന്ന മാല പൊട്ടിച്ച് സംഘം സ്‌കൂട്ടര്‍ ഓടിച്ചുപോവുകയായിരുന്നു. ബഹളം കേട്ട് ആള്‍ക്കാര്‍ ഓടിക്കൂടിയെങ്കിലും മോഷ്ടാക്കളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. വിവരമറിഞ്ഞ് ടൗണ്‍ പൊലീസ് ഇന്‍സ്പെക്ടര്‍ പി.അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസെത്തി വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. സമീപ പ്രദേശങ്ങളില്‍ റോഡരികില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചുവെങ്കിലും അക്രമികളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. നേരത്തെ പകല്‍ നേരങ്ങളില്‍ മാത്രമായിരുന്നു വഴിയാത്രക്കാരായ സ്ത്രീകളുടെ കഴുത്തില്‍ നിന്നു മാലപ്പൊട്ടിച്ച സംഭവം ഉണ്ടായിരുന്നുള്ളൂ. സ്‌കൂട്ടര്‍ കൈ കാണിച്ചു നിര്‍ത്തി വഴി ചോദിച്ച് മാലപ്പൊട്ടിച്ചോടിയ സംഭവം ഇതാദ്യത്തേതാണെന്നു പൊലീസ് പറഞ്ഞു.