അനധികൃത സ്വത്ത് സമ്പാദനം; തമിഴ്നാട് മന്ത്രിക്കും ഭാര്യക്കും തടവും പിഴയും ശിക്ഷ

ചെന്നൈ:അനധികൃത സ്വത്ത് സമ്പാദന കേസില്‍ തമിഴ്നാട് മന്ത്രി പൊന്മുടിക്കും ഭാര്യക്കും മൂന്ന് വര്‍ഷം തടവ്. മന്ത്രി 50 ലക്ഷം രൂപ പിഴയും അടക്കണം.മദ്രാസ് ഹൈക്കോടതിയുടേതാണ് നിര്‍ണായക വിധി.

ചൊവ്വാഴ്ച പൊന്മുടിയും ഭാര്യയും കേസില്‍ കുറ്റക്കാരാണെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചിരുന്നു. ഇരുവരേയും വെറുതെവിട്ട കീഴ്ക്കോടതി വിധി റദ്ദാക്കിയായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. തുടര്‍ന്ന് തങ്ങളുടെ പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച്‌ കുറഞ്ഞ ശിക്ഷ നല്‍കണമെന്നും ഇരുവരും കോടതിയില്‍ വാദിച്ചു.

ഈ വാദം കൂടി പരിഗണിച്ചാണ് മൂന്ന് വര്‍ഷം തടവുശിക്ഷ കോടതി നല്‍കിയത്. കോടതി വിധിക്ക് പിന്നാലെ ശിക്ഷ 30 ദിവസത്തേക്ക് മദ്രാസ് ഹൈക്കോടതി മരവിപ്പിച്ചിട്ടുണ്ട്. അപ്പീല്‍ നല്‍കുന്നതിനായാണ് ശിക്ഷ 30 ദിവസത്തേക്ക് മരവിപ്പിച്ചത്.

കരുണാനിധി മന്ത്രിസഭയില്‍ ഖനി വകുപ്പ് കൈകാര്യം ചെയ്തിരുന്ന പൊൻമുടി 2006 ഏപ്രില്‍ 13-നും 2010 മാര്‍ച്ച്‌ 31-നും ഇടയില്‍ 1.79 കോടി രൂപ അനധികൃതമായി സമ്പാദിച്ചെന്ന കേസിലാണ് കീഴ്‌ക്കോടതി വിധി റദ്ദാക്കിക്കൊണ്ട് മന്ത്രി കുറ്റക്കാരനാണെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചത്.

അനധികൃത സ്വത്തുസമ്പാദനം സംബന്ധിച്ച മറ്റൊരു കേസില്‍ പൊൻമുടിയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ജില്ലാ കോടതി വിധി മദ്രാസ് ഹൈക്കോടതി സ്വമേധയാ പുനഃപരിശോധിക്കുന്നുണ്ട്. അണ്ണാ ഡി.എം.കെ. വിട്ട് ഡി.എം.കെ.യില്‍ ചേര്‍ന്ന മന്ത്രി സെന്തില്‍ ബാലാജി കള്ളപ്പണം വെളുപ്പിക്കല്‍ക്കേസില്‍ വിചാരണ കാത്ത് ജയിലില്‍ കഴിയവേയാണ് മറ്റൊരു മന്ത്രിക്കെതിരേ വിധി വരുന്നത്.

അഴിമതിനിരോധന നിയമപ്രകാരമോ മയക്കുമരുന്നു നിയമപ്രകാരമോ കുറ്റക്കാരനെന്ന് കണ്ടെത്തിയ ജനപ്രതിനിധിക്ക് പിഴശിക്ഷ ലഭിച്ചാല്‍പോലും ആറുവര്‍ഷത്തേക്ക് അയോഗ്യത കല്പിക്കപ്പെടുമെന്നാണ് ജനപ്രാതിനിധ്യ നിയമത്തിന്റെ 8(1) വകുപ്പ് പറയുന്നത്. പക്ഷേ ഹൈക്കോടതി ശിക്ഷ താല്‍ക്കാലികമായി മരവിപ്പിച്ച സാഹചര്യത്തില്‍ പൊന്മുടിക്ക് ഉടൻ മന്ത്രിസ്ഥാനം നഷ്ടമാവില്ല.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page