കാസര്‍കോട്: മുഹസിനയുടെ മരണം കൊലപാതകമാണെന്നു ആരോപിച്ച് പിതാവ് പള്ളിക്കര കീക്കാന്‍ സ്വദേശി എന്‍.പി മുഹമ്മദ്. ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും കൂടുതല്‍ പണം ആവശ്യപ്പെട്ട് മകളെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും ബേക്കല്‍ ഡിവൈ.എസ്.പി സി.കെ.സുനില്‍ കുമാറിനു നല്‍കി പരാതിയില്‍ പറയുന്നു. ഇക്കഴിഞ്ഞ അഞ്ചിനാണ് മുഹ്സിനയെ കരിവേടകത്തെ തവനത്ത് ഹൗസിലെ ഭര്‍തൃവീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ബന്തടുക്കയിലെ സ്വകാര്യ ആശുപത്രിയിലും, പിന്നീട് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംശയത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പോസ്റ്റുമോര്‍ട്ടം നടന്നത്. സംഭവത്തില്‍ ബേഡകം പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് മകളുടെ മരണത്തില്‍ സംശയമുണ്ടെന്നു കാണിച്ച് പിതാവ് ഡിവൈ.എസ്.പിക്കു പരാതി നല്‍കിയത്. ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും കൂടുതല്‍ പണം ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും നാലാം തീയ്യതി മകള്‍ വീട്ടിലേയ്ക്കു വിളിച്ച് വീട്ടിലേയ്ക്ക് കൂട്ടുകൊണ്ടുപോകണമെന്നും ജീവനു ഭീഷണിയുണ്ടെന്നും പറഞ്ഞതായി മുഹമ്മദ് പറയുന്നു. ഭയക്കേണ്ടതില്ലെന്നും അങ്ങോട്ടു വരാമെന്നും ആശ്വസിപ്പിച്ചിരുന്നുവെന്നും പിറ്റേദിവസം മുഹ്സീന ആത്മഹത്യയ്ക്കു ശ്രമിച്ചുവെന്നും വീട്ടുകാര്‍ അറിയിച്ചതായും പരാതിയില്‍ പറയുന്നു. കല്യാണ സമയത്ത് 20 പവന്‍ സ്വര്‍ണ്ണം നല്‍കിയിരുന്നുവെന്നും ആ സമയത്ത് മകളുടെ ഭര്‍ത്താവിനു വിദേശത്തായിരുന്നു ജോലിയെന്നും പിന്നീട് യാതൊരു കാരണവും ഇല്ലാതെ നാട്ടിലേയ്ക്ക് തന്നെ തിരിച്ചെത്തിയെന്നും അതിനു ശേഷം പണം ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിച്ചിരുന്നതായും പരാതിയില്‍ പറഞ്ഞു.
