പത്തനംതിട്ട: തിരുവല്ലയിലെ നവജാതശിശുവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ മല്ലപ്പളളി സ്വദേശിനി നീതുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.പ്രസവിച്ചതിന് പിന്നാലെ കുഞ്ഞിന്റെ മുഖത്ത് തുടര്‍ച്ചയായി വെള്ളം ഒഴിച്ചാണ് പ്രതി കൃത്യം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞ വെളളിയാഴ്ചയാണ് യുവതി ഹോസ്റ്റല്‍ മുറിയില്‍ വച്ച് കുഞ്ഞിന് ജൻമം നല്‍കിയത്. കുഞ്ഞിനെ മടിയില്‍ കിടത്തി നീതു തുടര്‍ച്ചയായി മുഖത്തേക്ക് വെളളം ഒഴിക്കുകയായിരുന്നു. ശ്വാസകോശത്തില്‍ വെളളം എത്തിയതാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടത്തില്‍ പറയുന്നത്. നീതു ഗര്‍ഭിണിയായിരുന്ന വിവരം ഹോസ്റ്റലിലുളളവരോ ബന്ധുക്കളോ അറിഞ്ഞിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം.
തൃശൂര്‍ സ്വദേശിയായ കാമുകനില്‍ നിന്നാണ് ഗര്‍ഭം ധരിച്ചതെന്ന് നീതു പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കൊലപാതകത്തില്‍ കാമുകന് പങ്കുണ്ടോയെന്നും അന്വേഷിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.