മഞ്ചേശ്വരം: അജ്ഞാത യുവാവിനെ റെയില്‍വെ ട്രാക്കിനു സമീപത്തെ വൈദ്യുതി തൂണില്‍ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.മഞ്ചേശ്വരം റെയില്‍വെ സ്റ്റേഷന്റെ തെക്കു മാറിയുള്ള വൈദ്യുതി തൂണിലാണ് മൃതദേഹം കണ്ടെത്തിയത്.
അടിവസ്‌ത്രം മാത്രമേ മൃതദേഹത്തില്‍ ഉള്ളൂ. ഇരുകാലുകളുടെയും മുട്ടിനു താഴെ പരിക്കുകളുണ്ട്. അതില്‍ നിന്നു ചോരവാര്‍ന്ന് ഒലിക്കുന്ന നിലയിലാണ്. ഈ പരിക്കുകള്‍ എങ്ങ നെ ഉണ്ടായതെന്നു വ്യക്തമല്ല. മരണ വെപ്രാളത്തിനിടയില്‍ ഞരമ്പുകള്‍ പൊട്ടിയതാകാമെന്നാണ് പൊലീസിന്റെ സംശയം. എന്നാല്‍ ഇക്കാര്യം പോസ്റ്റുമോര്‍ട്ടത്തില്‍ മാത്രമേ വ്യക്തമാവുകയുള്ളൂവെന്നു പൊലീസ് പറഞ്ഞു. 45 വയസ് പ്രായം തോന്നുന്ന ആളുടേതാണ് മൃതദേഹം. നരച്ച താടിയുണ്ട്.കഴുത്തില്‍ കുരിശുമാലയുമുണ്ട്. ഉടുത്തിരുന്ന മുണ്ടിലാണ് തൂങ്ങിയതെന്നു സംശയിക്കുന്നു. മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.