ജയ്പൂര്‍: രാഷ്ട്രീയ രജപുത് കര്‍ണിസേന ദേശീയ പ്രസിഡന്റ് സുഖദേവ് സിംഗ് ഗോഗമേദിയെ വീട്ടില്‍ക്കയറി വെടിവച്ചു കൊന്ന സംഭവം രാജസ്ഥാനില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. രാജസ്ഥാനിലെ രജപുത് വിഭാഗം പ്രതിഷേധവുമായി രംഗത്തിറങ്ങി.
ഗോഗമേദിയുടെ കര്‍ണിസേന ഉള്‍പ്പെടെ വിവിധ രജപുത് സംഘടനകള്‍ ഇന്നു രാജസ്ഥാന്‍ ബന്ദിന് ആഹ്വാനം ചെയ്തു. ഗോഗമേദിയെ പകല്‍ വെട്ടത്തില്‍ സ്വന്തം വീട്ടില്‍ വച്ചു നിര്‍ദ്ദാക്ഷിണ്യം കൊലപ്പെടുത്തിയ സംഭവം രജപുത്ര വിഭാഗത്തില്‍ പ്രതിഷേധം രൂക്ഷമാക്കിയിട്ടുണ്ട്.
ഗോഗ മേദിയുടെ കൊലയാളികളെ അറസ്റ്റ് ചെയ്യുന്നതുവരെ പുതിയ രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ അനുവദിക്കില്ലെന്നു ഈ സംഘടനകള്‍ മുന്നറിയിച്ചു.
രജപുത് വിഭാഗത്തിലെ രാജസ്ഥാനിലെ പ്രമുഖനായ യുവനേതാവാണ് ഗോഗമേദി. ജയ്പുരിലെ ശ്യാമ നഗറിലെ വീട്ടിലാണ് ഗോഗമേദിയെ ഇന്നലെ വെടിവച്ചു കൊന്നത്. അക്രമി സംഘത്തിലെ ഒരാളെ ഏറ്റുമുട്ടലില്‍ മരിച്ചതായും വിവരമുണ്ട്.
വീട്ടിലെത്തിയ മൂന്നു പേര്‍ സംസാരിക്കാനുണ്ടെന്ന് അറിയിക്കുകയും 10 മിനിറ്റോളം സംസാരിക്കുകയും ചെയ്തു. അതിനു ശേഷം രണ്ടു പേര്‍ തോക്കെടുത്ത് അദ്ദേഹത്തെ നിറയൊഴിക്കുകയുമായിരുന്നു. സംഘത്തിലുണ്ടായിരുന്ന മറ്റൊരാള്‍ മുറിക്കു പുറത്തു കാവല്‍ നിന്നു.
അക്രമത്തില്‍ ഗോഗമേദിയുടെ രണ്ടു സുഹൃത്തുക്കള്‍ക്കും പരിക്കേറ്റു. അവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. ഇതിലൊരാളുടെ നില ഗുരുതരമാണെന്നറിയുന്നു.
കൊലപാതകത്തിനു ശേഷം ഒരു ഗാംഗ് നേതാവായ രോഹിത് ഗോദര കൊലപാതകത്തിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്തു.
സംഭവം ജയ്പൂരിലും രജ്പുത് ഭൂരിപക്ഷ പ്രദേശങ്ങളിലും രോഷം ആളിക്കത്തിച്ചിട്ടുണ്ട്.
രാജസ്ഥാനന്‍ തലസ്ഥാനമായ ജയ്പുരിനു പുറമെ ജോദ്പുര്‍, ജയ്‌സാര്‍ മെര്‍, ഭദ്ര തുടങ്ങിയ സ്ഥലങ്ങളിലും രാജസ്ഥാന്റെ മറ്റു ജില്ലകളിലും ടൗണുകളിലും രോഷ പ്രകടനങ്ങള്‍ തുടരുകയാണ്.
പത്മാവത് സിനിമയോടെയാണ് ഗോഗമേദി മുഖ്യ ധാരയിലെത്തിയത്. ചരിത്ര സത്യങ്ങളെ വളച്ചൊടിക്കുന്നതാണ് സിനിമയെന്നും രജ്പുത് സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും ആരോപിച്ചു നടന്ന മുന്നേറ്റത്തിനു നേതൃത്വം നല്‍കിയതു ഗോഗമേദിയായിരുന്നു.
