2022-ൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ 4 ശതമാനം വർധനയുണ്ടായതായി നാഷണൽ ക്രൈംസ് റെക്കോർഡ് ബ്യൂറോ (എൻസിആർബി). 2021ലെ എൻസിആർബി യുടെ റിപ്പോർട്ടുമായി താരതമ്യപ്പെടുത്തുമ്പോഴാണ് ഈ വർദ്ധനവ്. കണക്കുകൾ പ്രകാരം 2022ൽ ഇന്ത്യയിൽ മൊത്തം 58,24,946 കുറ്റകൃത്യങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ഭർത്താവിൽ നിന്നോ ബന്ധുക്കളിൽ നിന്നോ ഉള്ള ക്രൂരതകളാണ് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഭൂരിഭാഗവും. കൂടാതെ, കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ 8.7 ശതമാനം വർദ്ധിച്ചിട്ടുണ്ട്. തട്ടിക്കൊണ്ടുപോകലും, കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്നതുമാണ് (പോക്സോ) കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള കുറ്റകൃത്യങ്ങൾ.
വിവിധ കുറ്റകൃത്യങ്ങളുടെ സമഗ്ര റിപ്പോർട്ടാണ് എൻസിആർബി ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. ചില തരം കുറ്റകൃത്യങ്ങളിൽ കുറവുണ്ടെങ്കിലും, സ്ത്രീകൾ, കുട്ടികൾ, ചില ജന വിഭാഗങ്ങൾ എന്നിവർക്കെതിരായ കുറ്റകൃത്യങ്ങളില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ശരീരത്തെ മുറിവേല്‍പ്പിക്കുന്ന കേസുകളും തട്ടിക്കൊണ്ടുപോകലുകളിലും വർദ്ധനവ് രേഖപ്പെടുത്തി.
അതുപോലെ, സാമ്പത്തിക, സൈബർ കുറ്റകൃത്യങ്ങളില്‍ ഗണ്യമായ വർദ്ധനവ് റിപ്പോർട്ട് കാണിക്കുന്നുണ്ട്. ഇത് ശക്തമായ സൈബർ സുരക്ഷാ ചട്ടക്കൂടുകളുടെയും സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിനുള്ള തന്ത്രങ്ങളുടെയും ആവശ്യകതയെ സൂചിപ്പിക്കുന്നു.
മുതിർന്ന പൗരന്മാർക്കെതിരെയുള്ളതും, പട്ടികജാതി-പട്ടികവർഗങ്ങൾ പോലുള്ള പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കെതിരായ കുറ്റകൃത്യങ്ങളും ഈ ദുർബല സമൂഹങ്ങളെ സംരക്ഷിക്കുന്നതിന് ലക്ഷ്യബോധമുള്ള ഇടപെടലുകളുടെ അനിവാര്യതയെ അടിവരയിടുന്നു.