കാസര്‍കോട്: ബൈക്കിലെത്തി സ്വര്‍ണ മാലകവരുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്നതിനിടെ പുതിയ തന്ത്രവുമായി കള്ളന്മാര്‍ വീടുകളിലെത്തുന്നു. കാഞ്ഞങ്ങാട്ട് വീട്ടില്‍ കോളിംഗ് ബെല്ലടിച്ച് വിളിച്ചുവരുത്തിയ യുവതിയുടെ മാല കവര്‍ന്നു. ഞായറാഴ്ച സന്ധ്യയ്ക്ക് ബല്ലാ കടപ്പുറം എം.എസ് മന്‍സിലില്‍ അബ്ദുള്‍ ഖാദറിന്റെ ഭാര്യ എം.എസ്. മൈമൂനയുടെ മാലയാണ് കള്ളന്‍ കവര്‍ന്നത്. കോളിങ് ശബ്ദം കേട്ട് പുറത്തേക്ക് വന്ന യുവതിയുടെ കണ്ണില്‍ മുളക് പൊടി എറിഞ്ഞ് സ്വര്‍ണ മാല കവരുകയായിരുന്നു. വാതില്‍ തുറന്ന ഉടനെ പുറത്ത് കാത്തുനില്‍ക്കുകയായിരുന്ന അക്രമി മൈമൂനയുടെ മുഖത്തേക്ക് മുളകുപൊടി വാരിയെറിഞ്ഞു. ഇതിനിടയില്‍ കഴുത്തില്‍ ഉണ്ടായിരുന്ന നാലു പവന്‍ സ്വര്‍ണ്ണമാല അക്രമി പിടിച്ച് പറിച്ചെടുക്കുകയായിരുന്നു. ഭയന്ന് വിറച്ച് നിലവിളിച്ച യുവതി വീട്ടിനകത്തേക്ക് ഓടിക്കയറി വാതില്‍ അടച്ച് കള്ളനില്‍ നിന്ന് രക്ഷപ്പെട്ടു. ചെറുത്തുനിന്നതിനാല്‍ കള്ളന് സ്വര്‍ണാഭരണത്തിന്റെ ഒരു ഭാഗം മാത്രമേ ലഭിച്ചിട്ടുള്ളൂ. ഹെല്‍മറ്റ് ധരിച്ച യുവാവാണ് വന്നതെന്ന് യുവതി പറഞ്ഞു. വിവരമറിഞ്ഞ് ഹോസൂര്‍ഗ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.
