കൊല്ലം: ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. ഡിസംബര്‍ 15 വരെയാണ് കേസിലെ പ്രതികളായ ചാത്തന്നൂര്‍ സ്വദേശി പത്മകുമാര്‍, ഇയാളുടെ ഭാര്യ അനിതകുമാരി, മകള്‍ അനുപമ എന്നിവരെ കോടതി റിമാൻഡ് ചെയ്തിരിക്കുന്നത്.രണ്ട് അഭിഭാഷകരാണ് പ്രതികള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. റിമാൻഡ് ചെയ്ത ഒന്നാംപ്രതി പത്മകുമാറിനെ കൊട്ടാരക്കര സബ് ജയിലേക്കും രണ്ടും മൂന്നും പ്രതികളായ അനിതകുമാരി, മകള്‍ അനുപമ എന്നിവരെ അട്ടക്കുളങ്ങര വനിതാ ജയിലിലും എത്തിച്ചു.കോവിഡിന് ശേഷം ഉണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായാണ് ഒരു വര്‍ഷം നീണ്ട ആസൂത്രണത്തിലൂടെ കുട്ടിയെ തട്ടിക്കൊണ്ടു പോയത്. ഇതിനു മുൻപ് രണ്ട് തവണ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചിരുന്നുവെങ്കിലും രക്ഷിതാക്കളുടെ സാന്നിധ്യം മൂലം ഉപേക്ഷിക്കുകയായിരുന്നു
