കാസർകോട്:“ഇയാളെ കൊണ്ട് വഴിനടക്കാന്‍ കഴിയുന്നില്ല സാര്‍, എന്തെങ്കിലും നടപടിയെടുത്തില്ലെങ്കില്‍ പലര്‍ക്കും എന്നെ പോലെ ദുരനുഭവം ഉണ്ടാകും .” ഇന്നലെ കുമ്പള പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയ ഒരു ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥിനി വാക്കാല്‍ നല്‍കിയ പരാതിയാണിത്. ആദ്യം ഒന്നു അമ്പരന്നുവെങ്കിലും വനിതാ പൊലീസ് പെണ്‍കുട്ടിയോട് വിശദമായി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴാണ് സംഭവത്തിന്റെ ഗൗരവം പൊലീസിനു മനസിലായത്. ഇതേ തുടര്‍ന്ന് പൊലീസ് മൊഗ്രാലില്‍ എത്തി സ്ഥലത്തുള്ള വിവിധ സിസിടിവി ക്യാമറകള്‍ പരിശോധിച്ചു. വിദ്യാര്‍ത്ഥിനി പറഞ്ഞ കാര്യം ശരിയാണെന്നു ഉറപ്പു വരുത്തിയപ്പോള്‍ പൊലീസും ഞെട്ടി. എഴുപതു വയസു തോന്നിക്കുന്ന അളാണ് റോഡരുകില്‍ കൂടി നടന്നു പോകുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് പേടി സ്വപ്‌നമായിരിക്കുന്നത്. സ്‌കൂള്‍ വിട്ട് വീടുകളിലേയ്‌ക്ക് നടന്നു പോകുന്ന പെണ്‍കുട്ടികളുടെ അരികിലെത്തി ശരീരത്തില്‍ സ്‌പര്‍ശിച്ച് ആനന്ദം കണ്ടെത്തുകയാണ് ഇയാളുടെ വിനോദം. നിരവധി വിദ്യാര്‍ത്ഥിനികള്‍ ഇയാളുടെ ശല്യത്തിനു ഇരയായിട്ടുണ്ടെങ്കിലും നാടക്കേടും, ഭയവും കാരണവും ആരും പറഞ്ഞിരുന്നില്ല. സിസിടിവിയില്‍ നിന്നു ലഭിച്ച ദൃശ്യങ്ങളുടെ സഹായത്തോടെ ഞരമ്പ് രോഗിയായ വൃദ്ധനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.