കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തിൽ തുടർച്ചയായി മൂന്നാം ദിവസവും സ്വർണ്ണം പിടികൂടി. വിദേശത്ത് നിന്ന് എത്തിയ രണ്ട് തമിഴ്നാട് സ്വദേശികളിൽ നിന്നായി രണ്ട് കിലോയിൽ അധികം സ്വർണ്ണമാണ് കസ്റ്റംസ് പിടികൂടിയത്.ഷാർജയിൽ നിന്ന് എയർ അറേബ്യ വിമാനത്തിൽ എത്തിയ തമിഴ്‌നാട് സ്വദേശി മുഹമ്മദ് അബ്ദുല്ല അഹമ്മദ് കബീർ (30) എന്ന യാത്രക്കാരനെ സംശയം തോന്നി കസ്റ്റംസ് പിടികൂടി. ചോദ്യം ചെയ്യലിൽ ഇയാളുടെ ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ 1169 ഗ്രാം തൂക്കമുള്ള 3 സ്വർണ മിശ്രിത ക്യാപ്സ്യൂളുകൾ കണ്ടെടുത്തു. ഇതിൽ നിന്നും സ്വർണ്ണം വേർതിരിച്ചെടുത്ത ശേഷം 1040 ഗ്രാം തൂക്കം വരുമെന്നും വിപണി മൂല്യം 63,49,200/- രൂപ വരുമെന്നും കസ്റ്റംസ് അറിയിച്ചു. അബുദാബിയിൽ നിന്ന് എയർ അറേബ്യ വിമാനത്തിൽ എത്തിയ തമിഴ്‌നാട് സ്വദേശി കലന്തർ കാണി (37) എന്ന യാത്രക്കാരനെ സംശയം തോന്നി ചോദ്യം ചെയ്തപ്പോൾ ഇയാളുടെ ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ 1120 ഗ്രാം തൂക്കമുള്ള 4 സ്വർണ മിശ്രിത ക്യാപ്സ്യൂളുകൾ കണ്ടെടുത്തു. സ്വർണ്ണം വേർതിരിച്ചെടുത്ത ശേഷം 997 ഗ്രാം തൂക്കം വരുമെന്നും 60,86,685/- രൂപ വിലമതിക്കുന്നതാണ് സ്വർണ്ണമെന്നും കസ്റ്റംസ് അറിയിച്ചു.