കണ്ണൂര്‍: ഇരിട്ടിയില്‍ ജ്വല്ലറി കവര്‍ച്ച നടത്തിയ അന്തര്‍സംസ്ഥാന മോഷ്ടാവ് പിടിയില്‍. ഇരിട്ടി ടൗണിലെ വിവ ജ്വല്ലറിയില്‍ കവര്‍ച്ച നടത്തിയ തമിഴ്നാട് കൃഷ്ണഗിരി സലാം പെട്ടി സ്വദേശി മസ്റപ്പാസാണ് (20) പിടിയിലായത്. മോഷ്ടാക്കളുടെ ദൃശ്യം അന്ന് സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇരിട്ടി ഇന്‍സ്പെക്ടര്‍ കെ.ജെ വിനോയിയുടെയും എസ്.ഐ വിപിനിന്റേയും നേതൃത്വത്തിലുള്ള സ്‌ക്വാഡംഗങ്ങളായ എസ്.ഐ നാസര്‍ പൊയിലന്‍, സി.പി. ഒമാരായ ഷിജോയ്, പ്രകാശന്‍, പ്രവീണ്‍, ജയദേവന്‍ എന്നിവര്‍ ചേര്‍ന്ന് കൃഷ്ണഗിരിയിലെ ജയദേവി എന്ന സ്ഥലത്ത് വെച്ചാണ് മോഷ്ടാവിനെ പിടികൂടിയത്. കവര്‍ച്ചയ്ക്കായി ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ എട്ടാം തിയ്യതി വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. അന്ന് തന്നെ പുല്‍പ്പള്ളിയിലെ കടയില്‍ കയറി കച്ചവടക്കാരനെ തലക്കടിച്ച് ബോധം കെടുത്തിയ ശേഷം 50,000 രൂപ കവരുകയും എടുരിലെ ആനി ജ്വല്ലറിയില്‍ മോഷണശ്രമവും നടത്തുകയുമായിരുന്നു. പിടികൂടിയ പ്രതി അന്തര്‍സംസ്ഥാന മോഷണ കേസിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. മൈസൂരിലെ കവര്‍ച്ച കേസില്‍ നേരത്തെ ജയില്‍ വാസം അനുഭവിച്ചിരുന്നു. ബൈക്കില്‍ സഞ്ചരിച്ച് കളവ് നടത്തുകയാണ് പതിവ് രീതി. മറ്റൊരുപ്രതിയെ കൂടി കേസില്‍ ഇനിയും പിടികൂടാനുണ്ട്.
