വെബ് ഡെസ്ക്: ബുധനാഴ്ച നടന്ന സെമി ഫൈനലില്‍ ന്യൂസിലൻഡിനെ 70 റൺസിന് തോൽപ്പിച്ചതോടെ ഇന്ത്യ ലോകകപ്പിന്റെ സ്വപ്ന ഫൈനലില്‍. ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും തമ്മിലുള്ള രണ്ടാം സെമിയിലെ വിജയിയെയാണ് ഞായറാഴ്ച അഹമ്മദാബാദില്‍ നടക്കുന്ന ഫൈനലിൽ ഇന്ത്യ നേരിടുക. സെമിയില്‍ 50 ഓവറിൽ നാലിന് 397 എന്ന കൂറ്റൻ സ്‌കോർ പടുത്തുയർത്തിയ ഇന്ത്യ, ന്യൂസിലൻഡിനെ 48.5 ഓവറിൽ 327 റൺസിന് പുറത്താക്കുകയായിരുന്നു. ഈ ജയത്തോടെ, സ്വന്തം മണ്ണിൽ നടന്നുകൊണ്ടിരിക്കുന്ന പുരുഷ ലോക കപ്പ് മത്സരങ്ങളില്‍ മെൻ ഇൻ ബ്ലൂ തോൽവിയറിയാതെ പത്താം ജയം കൈവരിച്ചിരിക്കുകയാണ്. 1999 ലെ തോല്‍വിക്ക് പകരം വീട്ടാന്‍ ദക്ഷിണാഫ്രിക്ക. ആറാം ലോക കപ്പ് വിജയം ലക്ഷ്യമിട്ട് ഓസ്ട്രേലിയ. ആരായിരിക്കും ഇന്ത്യയുടെ ഫൈനലിലെ എതിരാളികള്‍.
ലോകകപ്പ് ഫൈനലിലെ ഇന്ത്യയുടെ മുന്‍ പ്രകടനങ്ങൾ നോക്കാം:
1983-ൽ വെസ്റ്റ് ഇൻഡീസിനെതിരെ ലോർഡ്സിൽ
1983 ലാണ് ഇന്ത്യ ആദ്യമായി ലോകകപ്പ് ഫൈനൽ കളിക്കുന്നത്. സാധ്യതകൾ അവർക്കെതിരായിരുന്നു എങ്കിലും ലോർഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ട്രോഫി ഉയർത്താൻ കപിൽ ദേവിനും കൂട്ടര്‍ക്കും കഴിഞ്ഞു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 54.4 ഓവറിൽ 183 റൺസിന് പുറത്തായി. ക്രിസ് ശ്രീകാന്ത് 38, മൊഹീന്ദർ അമർനാഥ് 26 റണ്‍സ് എടുത്തു, എന്നാൽ മറ്റുള്ളവരിൽ നിന്ന് അധികം പിന്തുണ ലഭിച്ചില്ല. എന്നാൽ ആറിന് 111 എന്ന നിലയിൽ ഇന്ത്യ പൊരുതി നിന്നപ്പോൾ മദൻ ലാൽ, സയ്യിദ് കിർമാണി, ബൽവീന്ദർ സന്ധു എന്നിവർ ടീമിനെ മാന്യമായ സ്കോറിലേക്ക് നയിച്ചു. പിന്നീട് വെസ്റ്റ് ഇൻഡീസിനെ 52 ഓവറിൽ 140 റൺസിന് ഇന്ത്യ പുറത്താക്കുകയായിരുന്നു. അമർനാഥും മദൻ ലാലും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. 28 പന്തിൽ 33 റൺസെടുത്ത വിവ് റിച്ചാർഡ്‌സ് ഒഴികെ, കരീബിയൻ ബാറ്റ്‌സ്‌മാരാരും കാര്യമായ പോരാട്ടം അന്ന് നടത്തിയില്ല.
2003-ൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ജോഹന്നാസ്ബർഗിൽ
2003 ലോകകപ്പ് ഫൈനലിൽ ജോഹന്നാസ്ബർഗിലെ വാണ്ടറേഴ്‌സ് സ്റ്റേഡിയത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ഓസ്‌ട്രേലിയ ഇന്ത്യയെ 125 റൺസിന് പരാജയപ്പെടുത്തി. ഇത് ഓസീസിനെ അവരുടെ മൂന്നാം കിരീടത്തിലേക്ക് എത്തിച്ചു. റിക്കി പോണ്ടിംഗ് അന്ന് ഇന്ത്യൻ ബൗളിംഗ് ആക്രമണത്തെ പരിഹസിച്ചിരുന്നു. പോണ്ടിംഗ് 121 പന്തിൽ നാല് ഫോറും എട്ട് സിക്സും സഹിതം പുറത്താകാതെ 140 റൺസെടുത്തിരുന്നു. 84 പന്തിൽ ഏഴ് ഫോറും ഒരു സിക്സും സഹിതം 88 റൺസ് നേടി ഡാമിയൻ മാർട്ടിന്‍. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 234 റൺസിന്റെ അപരാജിത കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. നേരത്തെ മാത്യു ഹെയ്ഡനും ആദം ഗിൽക്രിസ്റ്റും ചേർന്ന് 14 ഓവറിൽ 105 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കിയിരുന്നു. ഗിൽക്രിസ്റ്റ് 48 പന്തിൽ എട്ട് ഫോറും ഒരു സിക്സും സഹിതം 57 റൺസെടുത്തു. മെൻ ഇൻ ബ്ലൂവിനായി ഹർഭജൻ സിംഗ് രണ്ട് വിക്കറ്റ് വീഴ്ത്തി. എന്നാല്‍ ഓസീസ് ഇന്ത്യയെ 39.2 ഓവറിൽ 234 റൺസിന് പുറത്താക്കി. വീരേന്ദർ സെവാഗ് 81 പന്തിൽ 10 ഫോറും 3 സിക്‌സും സഹിതം 82 റൺസ് നേടി. രാഹുൽ ദ്രാവിഡ് 47 റൺസെടുത്തെങ്കിലും അവരുടെ ശ്രമം പാഴായി.
2011ൽ ശ്രീലങ്കയ്‌ക്കെതിരെ മുംബൈയിൽ
2011ലെ വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് ഫൈനലിൽ ഇന്ത്യ ശ്രീലങ്കയെ ആറ് വിക്കറ്റിന് തോൽപിച്ചു. ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ച ശ്രീലങ്ക ആറ് വിക്കറ്റ് നഷ്ടത്തിൽ 274 റൺസെന്ന സ്‌കോറാണ് ഉയർത്തിയത്. മഹേല ജയവർധന 88 പന്തിൽ 13 ബൗണ്ടറികളോടെ 103 റൺസെടുത്തു. ടി എം ദിൽഷനും കുമാർ സംഗക്കാരയും യഥാക്രമം 33, 48 റൺസ് ടീമിന് നൽകി. പുറത്താകാതെ 22 റൺസുമായി തിസാര പെരേര ഇന്നിംഗ്‌സിന് ആക്കം കൂട്ടി. സഹീർ ഖാനും യുവരാജ് സിങ്ങും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. വീരേന്ദർ സെവാഗിന്റെയും സച്ചിൻ ടെണ്ടുൽക്കറുടെയും വിക്കറ്റുകൾ ഇന്ത്യക്ക് തുടക്കത്തിലേ നഷ്ടമായെങ്കിലും വിരാട് കോഹ്‌ലിയുടെയും ഗൗതം ഗംഭീറിന്റെയും 83 റൺസിന്റെ കൂട്ടുകെട്ട് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. 122 പന്തിൽ 97 റൺസെടുത്ത ഗംഭീർ തിസാര പെരേരയുടെ പന്തിൽ പുറത്തായി. പിന്നീട് 79 പന്തിൽ എട്ട് ഫോറും രണ്ട് സിക്‌സും സഹിതം പുറത്താകാതെ 91 റൺസ് നേടിയ എം എസ് ധോണി ഇന്ത്യയെ ഫിനിഷിംഗ് ലൈനിൽ എത്തിക്കുകയായിരുന്നു. 2023 നവംബർ 19 ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ലോകകപ്പ് ഫൈനൽ മത്സരത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും തമ്മിലുള്ള രണ്ടാം സെമിയിലെ വിജയിയെ നേരിടും.