കാസർകോട്: പതിനഞ്ചുകാരിയെ പീഡിപ്പിച്ചതിന് ബേഡകം പൊലീസ് രജിസ്റ്റര്‍ ചെയ്‌ത് സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡിനു കൈമാറിയ കേസുകളിലെ പ്രതികളെ കണ്ടെത്താന്‍ തെരച്ചില്‍ തുടങ്ങി. എസ്.എം.എസ് ഡിവൈ.എസ്.പി സതീശ് കുമാര്‍ ആലക്കലിന്റെ നേതൃത്വത്തില്‍ ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ ആണ് തെരച്ചില്‍ ആരംഭിച്ചത്. അച്ഛനും മകനും ഉള്‍പ്പെടെ പ്രതികളായ കേസ് ഉള്‍പ്പെടെ അഞ്ചു കേസുകളാണ് എസ്.എം.എസിനു കൈമാറിയത്. ഈ കേസുകളില്‍ പോക്‌സോ വകുപ്പുകള്‍ കൂടാതെ പട്ടികജാതി-പട്ടികവര്‍ഗ്ഗ അതിക്രമ നിയമം കൂടി ചേര്‍ത്തതിനാല്‍ ആണ് ബേഡകം പൊലീസില്‍ നിന്നു അന്വേഷണ ചുമതല എസ്.എം.എസിനു കൈമാറിയത്. പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വിവിധ ഭാഗങ്ങളില്‍ ഉള്ള 15 പേര്‍ ചേര്‍ന്ന് വ്യത്യസ്‌ത സമയങ്ങളിലും സ്ഥലങ്ങളിലും വച്ചു പീഡിപ്പിച്ചുവെന്നാണ് കേസ്. ആദ്യം രജിസ്റ്റര്‍ ചെയ്‌ത കേസുകളിലെ പ്രതികളെല്ലാം അറസ്റ്റിലായി റിമാന്റിലാണ്. മറ്റുള്ളവര്‍ ഒളിവിലാണ്. അഞ്ചു കേസുകള്‍ എസ്.എം.എസിനു കൈമാറിയ വിവരം പുറത്തുവന്നതോടെ കേസില്‍ പ്രതികളായ അച്ഛനും മകനും ഉള്‍പ്പെടെയുള്ളവര്‍ ഒളിവില്‍ പോവുകയായിരുന്നു. ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിനു ശ്രമം ആരംഭിച്ചതായും സൂചനയുണ്ട്.
