അരമങ്ങാനത്തെ അധ്യാപികയുടെയും മകളുടേയും മരണം; സുഹൃത്തായ അധ്യാപകന്‍ അറസ്റ്റില്‍

കാസര്‍കോട്: കളനാട് അരമങ്ങാനത്ത് യുവതിയായ അധ്യാപികയും മകളും കിണറില്‍ ചാടി മരിച്ച സംഭവത്തില്‍ യുവതിയുടെ സുഹൃത്തായ സ്വകാര്യ സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റിലായി. എരോല്‍ ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന സഫ്വാന്‍ ആദൂരി(29 )നെയാണ് ആത്മഹത്യാ പ്രേരണ കുറ്റത്തിനും തെളിവ് നശിപ്പിച്ചതിനുമുള്ള വകുപ്പുകള്‍ ചുമത്തി മേല്‍പറമ്പ പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ടി ഉത്തംദാസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്തംബര്‍ 15 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. സ്വകാര്യ സ്‌കൂളിലെ അധ്യാപികയായിരുന്ന റുബീനയെയും അഞ്ചര വയസുള്ള മകള്‍ ഹനാന മറിയത്തിനെയും അരമങ്ങാനത്തെ വീട്ടില്‍ നിന്നും കാണാതായതായി മേല്‍പറമ്പ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ മിസ്സിംഗിന് കേസെടുത്ത് അന്വേഷണം നടത്തവെയാണ് യുവതിയുടെയും മകളുടെയും മൃതദേഹം തൊട്ടടുത്ത കിണറില്‍ നിന്നും ഫയര്‍ ഫോഴ്സിന്റെ സഹായത്തോടെ കണ്ടെത്തിയത്. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ മുങ്ങിമരണമാണെന്ന് റിപോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ മരണവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭര്‍ത്താവ് പിന്നീട് പൊലീസില്‍ നല്‍കിയ പരാതിയുടെയും ബന്ധുക്കളുടെ മൊഴികളുടെയും അടിസ്ഥാനത്തില്‍ നടത്തിയ വിശദമായ അന്വേഷണത്തില്‍ ഭര്‍തൃമതിയായ യുവതി ഒമ്പത് വര്‍ഷക്കാലമായി സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട ബാര സ്വദേശിയായ അദ്ധ്യാപകനുമായി അടുപ്പത്തിലാണെന്ന് കണ്ടെത്തി. അടുത്തിടെ യുവാവ് വേറൊരു സ്ത്രീയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പെട്ടിരുന്നു. യുവതിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുകയും ചെയ്തുയെന്നാണ് ബന്ധുക്കള്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. രണ്ടു പേരുടെയും മൊബൈല്‍ ഫോണുകള്‍ പൊലീസ് പരിശോധിച്ചതില്‍ പരസ്പരമുള്ള ചാറ്റിങ്ങുകള്‍ നശിപ്പിച്ചതായി കണ്ടെത്തിയിരുന്നു. ഇതോടെ യുവാവ് കേസിലെ തെളിവുകള്‍ നശിപ്പിച്ചതിനും കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന് മൊഴി എടുക്കുന്നതിനായി ബുധനാഴ്ച പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച അദ്ധ്യാപകനെ വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റുചെയ്തത്. വൈദ്യ പരിശോധനയ്ക്ക് ശേഷം ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്ത് കാഞ്ഞങ്ങാട് സബ് ജയിലിലടച്ചു. സിഐ ഉത്തംദാസിനോടൊപ്പം എസ്‌ഐ വി കെ. വിജയന്‍, സീനിയര്‍ സിവില്‍ പോലീസുകാരായ പ്രദീപ്കുമാര്‍, വി.സീമ, പ്രശാന്തിനി എന്നിവരും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page